ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു. ശനിയാഴ്ചയാണ് ഇവര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
വില്ലുപുരം എസ് വി എസ് മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ യോഗനാച്ചുറോപ്പതി വിദ്യാര്‍ഥിനികളായ ശരണ്യ, പ്രിയങ്ക, മോനിഷ എന്നിവരാണ് ഷാളുകൊണ്ട് പരസ്പരം കെട്ടി കിണറ്റില്‍ ചാടിയത്. കോളജ് മാനേജ്‌മെന്റിന്റെ പീഡനങ്ങള്‍ക്കെതിരേ കഴിഞ്ഞ കുറേ നാളുകളായി സമരം നടത്തിവരികയായിരുന്നു ഇവിടത്തെ വിദ്യാര്‍ഥികള്‍. ശനിയാഴ്ച രാത്രിയാണ് സംഭവം.
അതേസമയം കോളേജ് ചെയര്‍മാന്റെ മകനായ ഷോകര്‍ വര്‍മ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അന്യായമായി ഫീസ് പിരിക്കല്‍ എന്നിവയ്‌ക്കെതിരെ വിദ്യാര്‍ഥിനികള്‍ മാനേജ്‌മെന്റുമായി സമരത്തിലായിരുന്നു.
അതേസമയം വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തതല്ലെന്നും അവരുടേത് കൊലപാതകമാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
കോളജ് അധികൃതര്‍ ഇവരെ മാനസികമായി പീഡിപ്പിച്ചതായും അപമാനിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ എസ്‌വിഎസ് മെഡിക്കല്‍ കോളജില്‍ നടത്തുന്നതിനെതിരെയും അവര്‍ രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


