സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളില്‍ മൂന്നിരട്ടി വര്‍ധന; വ്യാപന തോത് ഉയര്‍ന്നെങ്കിലും മരണനിരക്ക് കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധന. ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പ്രകാരം 13,306 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും കൂടി എന്നാല്‍ രോഗവ്യാപന തോത് ഉയര്‍ന്നെങ്കിലും മരണനിരക്ക് കുറവാണെന്നത് ആശ്വാസമാണ്. അതേസമയം കൂടുതല്‍ രോഗികള്‍ ഇപ്പോഴും എറണാകുളം, കൊല്ലം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ തന്നെയാണ്. എലിപ്പനി വ്യാപനത്തിനും കുറവില്ല.

ഡെങ്കിപ്പനി കേസുകള്‍:-
2019 – 4651 , മരണം – 14
2020 – 2722, മരണം – 22
2021 – 3251, മരണം – 27
2022 – 4468, മരണം – 58
2023 – 13306, മരണം – 48

എലിപ്പനി:-
2019 – 1211 , മരണം – 57
2020 – 1039, മരണം – 48
2021 – 1745, മരണം – 97
2022 – 2482, മരണം – 121
2023 – 1932, മരണം – 80

സംസ്ഥാനത്ത് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത് 4,468 ഡെങ്കിപ്പനി കേസുകളായിരുന്നു, 58 പേര്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രോഗികളുടെ എണ്ണം മൂന്നിരട്ടി ഉയര്‍ന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്തത് 13306 കേസുകള്‍. 48 പേര്‍ മരിച്ചു. ഇന്നലെ മാത്രം 92 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഈ വര്‍ഷം 1932 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 80 പേര്‍ മരിച്ചു. കഴിഞ്ഞം വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 2482 കേസുകളായിരുന്നു. 2021, 2022, 2019 വര്‍ഷങ്ങളേക്കാള്‍ എലിപ്പനി കേസുകള്‍ ഈ വര്‍ഷം കൂടി. വര്‍ഷാവസാനം ആകുമ്പോഴേക്കും കഴിഞ്ഞ വര്‍ഷത്തെ കണക്കും മറികടക്കാനാണ് സാധ്യത. അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പകര്‍ച്ചവ്യാധി വ്യാപനം. ഡ്രൈ ഡേ ആചരണമടക്കം പലവിധ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആഹ്വാനം ചെയ്തിട്ടും രോഗവ്യാപനം തടയാനായിട്ടില്ല. മഴക്കാല സീസണ്‍ അവസാനിക്കുന്നതോടെ രോഗികളുടെ എണ്ണം കുറയുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.

Top