കണ്ണിലേക്ക് പെല്ലറ്റ് തുളച്ചുകയറി, മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടമായി; ബല്‍ബീര്‍ സിങ്

ഡല്‍ഹി: കര്‍ഷക മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്. കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും മാത്രമല്ല പ്രയോഗിച്ചത്, ബുള്ളറ്റുകളും പെല്ലറ്റുകളും ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.22 കാരനായ ദേവീന്ദര്‍ സിംഗ് ഭംഗു ഷേഖുപൂരിയ എന്ന കര്‍ഷകനും കഴിഞ്ഞ ദിവസം കണ്ണിന് പരിക്കേറ്റിരുന്നു. പട്യാലയിലെ ഘനൗറില്‍ നിന്നുള്ള കര്‍ഷകനാണ് ദേവീന്ദര്‍ സിംഗ്. അദ്ദേഹത്തിന്റെ കണ്ണിലെ പെല്ലെറ്റ് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്. ചണ്ഡീഗഢിലെ സെക്ടര്‍ 32 ലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അതിദാരുണമായിരുന്നു കണ്ണിന്റെ സ്ഥിതിയെന്നും ഇടതുകണ്ണിന്റെ കാഴ്ച്ച എന്നന്നേത്തുമായി നഷ്ടപ്പെട്ടേക്കാമെന്നുമാണ് ഡോക്ടര്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി കര്‍ഷകര്‍ സംഘടിപ്പിച്ച മൂന്നാംവട്ട ചര്‍ച്ചയും വിജയിച്ചില്ല. കര്‍ഷകരുടെ ആവശ്യങ്ങളില്‍ സമവായത്തിലെത്താനായില്ല. അടുത്ത ചര്‍ച്ച ഞായറാഴ്ച്ച നടക്കും. അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായി കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, അര്‍ജുന്‍ മുണ്ടെ, സംസ്ഥാന ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.നിരവധി കര്‍ഷകര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റെന്നും, പരിക്കേറ്റവരുടെ പട്ടിക ഉടന്‍ പുറത്ത് വിടുമെന്നും ഭാരതി കിസാന്‍ യൂണിയന്‍ വക്താവ് ഗുര്‍ദീപ് സിംഗ് ചഹല്‍ അറിയിച്ചു.

മൂന്ന് കര്‍ഷകരുടെ കാഴ്ച നഷ്ടപ്പെട്ടു. അവരില്‍ ഒരാളെ ചണ്ഡീഗഡിലെ ജിഎംസിഎച്ച് 32-ലും രണ്ടുപേരെ പട്യാലയിലെ രജീന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ കണ്ണുകളുടെ കാഴ്ച്ച സംരക്ഷിക്കാനായില്ല. ഒരു ഡസനോളം കര്‍ഷകര്‍ക്കെങ്കിലും പെല്ലറ്റ് ക്ഷതമേറ്റിട്ടുണ്ടെന്നും നേത്ര ശസ്ത്രക്രിയാ വിദഗ്ധനായിരുന്ന ആരോഗ്യ മന്ത്രി പറഞ്ഞു.ബുധനാഴ്ച്ച കര്‍ഷക മാര്‍ച്ച് ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഹരിയാന പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലുമായിരുന്നു പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായത്.

Top