ബെംഗളൂരുവിലെ ഗോഡൗണില്‍ പാഴ്‌സല്‍ പൊട്ടിത്തെറിച്ച് മൂന്നു മരണം, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ബെംഗളൂരുവില്‍ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു, മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ചാമരാജ്‌പേട്ടിലുള്ള ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ ഗോഡൗണില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഗോഡൗണില്‍ ഉണ്ടായിരുന്ന രണ്ടുപേരും തൊട്ടടുത്തുള്ള കടയിലെ ഒരാളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്ഫോടനം നടക്കുന്ന സമയത്ത് 85ഓളം പാഴ്സലുകള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു. ഇതിലുള്ള രണ്ട് പാഴ്സലുകളാണ് പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനം നടന്നത്. ഏകദേശം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഇതിന്റെ ശബ്ദം കേട്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

രാസവസ്തുക്കള്‍ അടങ്ങിയ പെട്ടികളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പെട്ടികളാണ് പൊട്ടിത്തെറിച്ചത്. ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലത്ത് പരിശോധന തുടങ്ങിയിട്ടുണ്ട്.

പൊട്ടിത്തെറി ഉണ്ടായ സ്ഥലത്തുനിന്ന് പടക്കങ്ങള്‍ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണ്. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Top