സുഡാനില്‍ മൂന്ന് ദിവസത്തേക്ക് വെടിനിര്‍ത്തല്‍

ഖര്‍ത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ അംഗീകരിച്ച് സൈന്യം. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ചാണ് തീരുമാനം. വെടിനിര്‍ത്തലിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അര്‍ധ സൈനിക വിഭാഗമായ ആര്‍എസ്എഫിനോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു രീതിയിലുമുളള സൈനിക നീക്കങ്ങളും പാടില്ലെന്നും നിര്‍ദേശമുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ച 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചെങ്കിലും ഇരു ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടാകാത്തതിനാല്‍ മിനിറ്റുകള്‍ക്കകം ലംഘിക്കപ്പെടുകയായിരുന്നു. ആര്‍എസ്എഫ് മേധാവിയോടും സുഡാന്‍ സായുധ സേന മേധാവിയോടും യുഎസ് സ്റ്റേറ്റ് സെക്രട്ടറി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു വെടിനിര്‍ത്തലിന് ശ്രിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ നഗരം വിടുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ ഖര്‍ത്തൂമിലെ സൈനിക ആസ്ഥാനത്തും വിമാനത്താവളത്തിന് സമീപവുമാണ് ഏറ്റുമുട്ടല്‍ രൂക്ഷം.

അതേസമയം കഴിഞ്ഞ ദിവസം സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായുളള ഇന്ത്യന്‍ വ്യോമസേന വിമാനം ജിദ്ദയിലെത്തിയിരുന്നു. ബുധനാഴ്ച രാത്രി ഒന്നരയോടെ ആദ്യ വിമാനം ജിദ്ദയിലിറങ്ങി. രാവിലെ ഇന്ത്യന്‍ സമയം പതിനൊന്നരയ്ക്ക് രണ്ടാമത്തെ വിമാനവും ജിദ്ദയിലെത്തി. 500 ആളുകളെ ഉള്‍കൊളളുന്ന വിമാനമാണ് ജിദ്ദയില്‍ എത്തിയിട്ടുളളത്. 29 സൈനിക അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ജിദ്ദയിലെത്തുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് തീരുമാനം. യാത്രക്കാരെ നാട്ടിലേക്ക് അയക്കാന്‍ വൈകിയാല്‍ ജിദ്ദയില്‍ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ചയാണ് സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുളള സംഘര്‍ഷം രൂക്ഷമായത്. അര്‍ധസൈനിക വിഭാഗത്തിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള സൈന്യത്തിന്റെ നീക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിന്റെ വടക്ക്, തെക്ക് ഭാഗങ്ങളില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്.

Top