കോഴിക്കോട്ടെ ചുവപ്പ് വിജയത്തിന്റെ ‘പ്രധാനശില്പികൾ’ മൂന്ന് സഖാക്കൾ !

സംസ്ഥാനത്തെ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഏറ്റവും വലിയ മേധാവിത്യം നേടിയത് കോഴിക്കോടാണ്. കൃത്യമായ ഒരു ടീം വർക്കാണ് ഇവിടെ സി.പി.എം നടത്തിയിരിക്കുന്നത്. നേതാവെന്നോ അണികളെന്നോ ഭേദമില്ലാതെ നടത്തിയ ആ പ്രവർത്തനങ്ങൾക്കാണ് ജനങ്ങൾ അകമൊഴിഞ്ഞ പിന്തുണ നൽകിയിരിക്കുന്നത്.ഇവിടെ ശ്രദ്ധേയമാകുന്നത് മൂന്ന് നേതാക്കളുടെ പ്രവർത്തനങ്ങളാണ്. എ.പ്രദീപ് കുമാർ, മുഹമ്മദ് റിയാസ്, മുസാഫർ അഹമ്മദ് എന്നിവരാണിവർ.പാർലമെൻ്ററി രംഗത്തെ ബന്ധങ്ങൾ ഉപയോഗിച്ച് വലിയ രൂപത്തിലുള്ള ഇടപെടലുകൾ എ പ്രദീപ് കുമാർ എം.എൽ.എ നടത്തിയപ്പോൾ, സംഘടനാ രംഗത്ത് നിന്ന് കളം നിറഞ്ഞ് കളിച്ചത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ കൂടിയായ മുഹമ്മദ് റിയാസാണ്.

കോർപ്പറേഷനിലെ ആകെയുള്ള 75 ഡിവിഷനുകളിൽ, ബഹുഭൂരിപക്ഷം ഡിവിഷനുകളിലും വാർഡ് കമ്മറ്റികളിൽ നേരിട്ട് പങ്കെടുത്താണ് പ്രവർത്തനങ്ങൾക്ക് റിയാസ് നേതൃത്വം നൽകിയത്.മുഖ്യമന്ത്രിയുടെ മരുമകൻ വീടുകയറി യുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത് സി.പി.എം പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചപ്പോൾ മറ്റുള്ളവർക്കത് അത്ഭുതമായിരുന്നു. ശരീരത്തിൽ വിയർപ്പ് പൊടിയാതെ, എയർ കണ്ടീഷൻ റൂമിലിരുന്ന് പ്രവർത്തനം നടത്തിയ നേതാക്കളോട് റിയാസ് ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെ കണ്ട് പഠിക്കാനാണ് യു.ഡി.എഫ് പ്രവർത്തകർ തന്നെ ആവശ്യപ്പെടുന്നത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ടി.പി ദാസന് കോവിഡ് പിടിപെട്ടപ്പോൾ പകരം ചുമതല നിർവ്വഹിച്ചതും കോഴിക്കോട് പാർലമെൻ്റ് മണ്ഡലം സെക്രട്ടറികൂടിയായ റിയാസാണ്.

പാർലമെന്റെറി രാഷ്ട്രീയത്തേക്കാൾ സംഘടനാ രംഗത്ത് പ്രവർത്തിക്കാൻ താൽപര്യപ്പെടുന്ന യുവ നേതാവ് കൂടിയാണ് ഈ മുൻ പൊലീസ് കമ്മീഷണറുടെ മകൻ. തന്റെ വ്യക്തി ബന്ധങ്ങൾ വോട്ടാക്കി മാറ്റാൻ പരിധിക്ക് അപ്പുറം നിന്നാണ് മുസാഫർ അഹമ്മദും പ്രവർത്തിച്ചത്. നഗരത്തിൽ വലിയ സൗഹൃദങ്ങൾ രാഷ്ട്രീയത്തിന് ഉപരിയായി ഈ മൂവർ സംഘത്തിനുണ്ട്. വിഭാഗീയത ശക്തമായി നിന്ന കാലത്ത് വ്യത്യസ്ത ധ്രുവങ്ങളിൽ നിന്നവർ കഴിഞ്ഞ നിരവധി വർഷങ്ങളായി ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ഇത് കോഴിക്കോട്ടെ സി.പി.എമ്മിൻ്റെ കരുത്താണ് വർദ്ധിപ്പിച്ചിരിക്കുന്നത്.എസ്.എഫ്.ഐ യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്ന പ്രദീപ് കുമാറും മുസാഫർ അഹമ്മദും മുഹമ്മദ് റിയാസും കൊടിയ പൊലീസ് മർദ്ദനങ്ങൾക്കും നിരവധി തവണ വിധേയരായിട്ടുണ്ട്. ജയിലിൽ കിടക്കേണ്ടി വന്നതാകട്ടെ മാസങ്ങളോളവുമാണ്. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയാണ് എ പ്രദീപ് കുമാർ.

പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എ.എയുമായി.നഗരത്തിൽ വികസനത്തിന്റെ പുതിയ ചരിത്രമാണ് പ്രദീപ് കുമാർ രചിച്ചത്. തുടർച്ചയായി മൂന്ന് തവണയാണ് കോഴിക്കോട് നോർത്ത് മണ്ഡലത്തെ പ്രദീപ് കുമാർ പ്രതിനിധീകരിക്കുന്നത്. എസ്.എഫ്.ഐ യുടെ കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയാണ് മുസാഫർ അഹമ്മദ്.കോർപ്പറേഷൻ കൗൺസിലർ എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. എം.എസ്.എഫ് കോട്ടയായിരുന്ന ഫറൂഖ് കോളജിൽ, എസ്.എഫ്.ഐക്ക് അട്ടിമറി വിജയം സമ്മാനിച്ചാണ് മുഹമ്മദ് റിയാസ് തുടങ്ങിയത്. സിറ്റിയിലെ ഉന്നത പൊലീസ് ഉദ്യാഗസ്ഥന്റെ മകൻ സമരമുഖത്ത് നിറസാന്നിധ്യമായത് പൊലീസിനും അക്കാലത്ത് വലിയ തലവേദനയായിരുന്നു.

നിലവിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷനാണ് ഈ പോരാളി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന്, ഡൽഹിയിൽ വച്ചും പൊലീസ് അതിക്രമത്തിന് റിയാസ് വിധേയനായിട്ടുണ്ട്. എത്ര ഉന്നത നേതാവായാലും താഴെ തട്ടിൽ പ്രവർത്തിക്കുക എന്നത് സി.പി.എം പിന്തുടരുന്ന ഒരു ശൈലിയാണ്. അതാണ് റിയാസും കോഴിക്കോട്ട് നടപ്പാക്കിയിരിക്കുന്നത്. കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കിട്ടിയ അടിക്ക് ഭരണം പിടിച്ച് തിരിച്ചടിക്കുമെന്ന യു.ഡി.എഫ് ശപഥം കൂടിയാണ് ചെമ്പട കോഴിക്കോട്ട് പൊളിച്ചടുക്കിയിരിക്കുന്നത്. വെൽഫയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണയും, യു.ഡി.എഫിന് ഗുണം ചെയ്തിട്ടില്ല.മുഹമ്മദ് റിയാസും എ പ്രദീപ് കുമാറും നയിച്ച രണ്ട് ജാഥകൾ ചുവപ്പ് തരംഗം സൃഷ്ടിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചിരിക്കുന്നത്.

കോർപ്പറേഷനിലെ ആകെയുള്ള 75 ഡിവിഷനുകളിൽ 51 സീറ്റുകളും തൂത്ത് വാരിയാണ് ഇടതുപക്ഷം ഭരണ തുടർച്ചയുണ്ടാക്കിയിരിക്കുന്നത്. 18 സീറ്റിൽ നിന്ന് 17 സീറ്റിലൊതുങ്ങിയ യു.ഡി.എഫിന്, ഇത്തവണയും പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാകട്ടെ കഴിഞ്ഞ തവണ നേടിയ ഏഴ് സീറ്റിൽ തന്നെ ഒതുങ്ങുകയാണുണ്ടായത്. മേയർ സ്ഥാനം വനിതകൾക്ക് സംവരണം ചെയ്തതിനാലാണ് സി.പി.എം ജില്ലാ കമ്മറ്റി അംഗമായ മുസാഫർ അഹമ്മദിനെ പാർട്ടി മത്സരിപ്പിച്ചിരുന്നത്. ഡെപ്യൂട്ടി മേയർ പദവിയിലൂടെ നഗരഭരണം ഇനി നിയന്ത്രിക്കുക മുസാഫറായിരിക്കും.ജനകീയനായ മുൻ എംഎൽഎ സി.പി.കുഞ്ഞുവിന്റെ മകനായ മുസാഫർ അഹമ്മദ്, 4,205 വോട്ടു നേടിയാണ് കോർപറേഷനിലെ ഏറ്റവും വലിയ വാർഡുകളിലൊന്നായ കപ്പക്കലിൽ നിന്നും വിജയിച്ചിരിക്കുന്നത്.

തുടർച്ചയായ നാൽപ്പത്തിയാറാം വർഷവും ഇടത് സമഗ്രാധിപത്യം തുടരുന്ന കോഴിക്കോട്ടെ പുതിയ മേയർ ബീന ഫിലിപ്പാണ്. നടക്കാവ് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ആഴ്ചവട്ടം ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ കസേര അലങ്കരിച്ചും അധ്യാപന രംഗത്തെ ദീർഘനാളത്തെ പരിചയത്തിനും ശേഷമാണ് ഡോ.ബീന ഫിലിപ്പ്, കോഴിക്കോടിന്റെ മേയർ സ്ഥാനം കൂടി അലങ്കരിക്കാനെത്തുന്നത്. പൊറ്റമ്മൽ ഡിവിഷനിൽ നിന്ന് സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച ബീന 652 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജിയിച്ചിരിക്കുന്നത്. കോൺഗ്രസ് സ്വതന്ത്രയായി മത്സരിച്ച ലിജീന സഞ്ജീവിനെയാണ് അവർ പരാജയപ്പെടുത്തിയിരിക്കുന്നത്.

കോർപ്പറേഷന്റെ 58 വർഷത്തെ ചരിത്രത്തിൽ, വനിതകൾ മേയറാവുന്ന നാലാമത്തെ തിരഞ്ഞെടുപ്പാണിത്. സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു വനിത, മേയർ സ്ഥാനം അലങ്കരിച്ച കോർപ്പറേഷൻ കോഴിക്കോട് ആണെന്നതും ശ്രദ്ധേയമാണ്. ഹൈമവതി തായാട്ടായിരുന്നു ആദ്യ വനിതാ മേയർ. പിന്നീട് എ.കെ പ്രേമജവും, എം.എം പത്മാവതിയും മേയറായി.ഇതിന്റെ തുടർച്ചയാണ് ഡോ.ബീനാ ഫിലിപ്പും ഇപ്പോൾ വന്നിരിക്കുന്നത്.1988-89 കാലത്താണ് പ്രൊഫ. ഹൈമവതി തായാട്ട് മേയറായിരുന്നത്. ഇടതുപക്ഷ സ്ഥാനാർഥിയായാണ് അവർ മത്സരിച്ചത്. വിവിധ കോളേജുകളിൽ അധ്യാപികയായ ശേഷമാണ് ഹൈമാവതി മേയറായി മത്സരിക്കാനെത്തിയിരുന്നത്. ഇവർക്കു ശേഷം വനിതാ മേയർ സ്ഥാനത്തെത്തിയത്, കോളേജ് അധ്യാപികയായിരുന്ന എ.കെ. പ്രേമജം ആണ്.

1995-ലാണ് എ.കെ പ്രേമജം കോഴിക്കോട് കോർപ്പറേഷന്റെ മേയറായത്.അതിനിടെ 1998-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെ മേയർ സ്ഥാനം പ്രേമജം ഒഴിയുകയുണ്ടായി.എന്നാൽ പിന്നീട് 2010-15 കാലഘട്ടത്തിൽ കോഴിക്കോട് നഗരത്തിന്റെ ഭരണച്ചുമതലയിലേക്ക് അവർ വീണ്ടും തിരിച്ചെത്തുകയുണ്ടായി. പ്രേമജം എം.പി.യായപ്പോഴാണ് എം.എം. പത്മാവതി മേയറായിരുന്നത്, 1998-ൽ. രണ്ടുവർഷം അവർ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

പിന്നീടുള്ള അഞ്ച് വർഷം പത്മാവതി വികസനകാര്യസമിതി അധ്യക്ഷയായിരുന്നു. ഇപ്പോൾ സ്ഥാനമൊഴിഞ്ഞ കൗൺസിലിലും അവർ അംഗമാണ്.ചെറുപ്പക്കാരെ പോലെ തന്നെ, വനിതകൾക്കും പാർലമെൻ്ററി രംഗത്ത് ശോഭിക്കാൻ കൂടുതൽ അവസരം നൽകിയ പാർട്ടി സി.പി.എം തന്നെയാണ്. ഇത്തവണ സംസ്ഥാന വ്യാപകമായി തന്നെ, അത് പ്രകടവുമായിരുന്നു. നിരവധി വിദ്യാർത്ഥി നേതാക്കൾക്ക് ഉൾപ്പെടെയാണ് സി.പി.എം അവസരം നൽകിയിരുന്നത്. യു.ഡി.എഫ് നേതൃത്വത്തിന് മുന്നിൽ, അവരുടെ പോഷക സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നതും, ചുവപ്പിന്റെ ഈ മാതൃക തന്നെയാണ്. തലമുറമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ്സിൽ മാത്രമല്ല, മുസ്ലിംലീഗിലും ഇപ്പോൾ കലാപക്കൊടി ഉയർന്നിട്ടുണ്ട്.

Top