തണുത്തുറഞ്ഞ ജലാശയത്തില്‍ വീണ മൂന്ന് കുട്ടികള്‍ മരിച്ചു; മരണം കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍

ണുത്തുറഞ്ഞ ജലാശയത്തിന് മുകളിലെ ഐസ് പാളി തകര്‍ന്ന് ജലത്തിലേക്ക് വീണ കുട്ടികളില്‍ മൂന്ന് പേര്‍ മരിച്ചു. പാര്‍ക്കിലെ തണുത്തുറ ജലാശയത്തിലെ വെള്ളത്തിലേക്ക് വീണ രണ്ട് സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ആറ് കുട്ടികള്‍ കൂടി വെള്ളത്തിലേക്ക് വീണത്. ഇവരില്‍ നാല് പേരെയാണ് പുറത്തെടുക്കാനായത്. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ ആദ്യം വെള്ളത്തില്‍ വീണ രണ്ട് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്കായുള്ള തെരച്ചിലിനെ ഇനി രക്ഷാ പ്രവര്‍ത്തനമെന്ന് പറയാനാവില്ലെന്നും കുട്ടികള്‍ മരിച്ചിരിക്കാമെന്നും നേരത്തെ അഗ്നിശമന സേന വ്യക്തമാക്കിയിരുന്നു.

ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് 8, 10, 11 വയസ് പ്രായമുള്ള കുട്ടികള്‍ മരണത്തിന് കീഴടങ്ങിയത്. കൊടും തണുപ്പില്‍ ഹൃദയ സ്തംഭനം നേരിട്ട നിലയിലായിരുന്നു കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാം നഗരത്തിന് സമീപത്തെ സോളിഹള്ളിലെ ബാബ്‌സ് മിൽ പാർക്കിലെ തണുത്തുറഞ്ഞ തടാകത്തിലേക്കാണ് കളിക്കുന്നതിനിടെ കുട്ടികള്‍ വീണത്. ആശുപത്രിയില് ചികിത്സയിലുള്ള ആറ് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ തന്നെയാണ് തുടരുന്നതെന്നും ആശുപത്രി അധികൃതര്‍ വിശദമാക്കി. മൈനസ് 3 ഡിഗ്രിയാണ് ജലാശയത്തിലെ താപനില. ഇത് രാത്രി കാലത്ത് വീണ്ടും താഴുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ജലത്തില്‍ ആരുമില്ലെന്ന് ഉറപ്പാക്കുന്നത് വരെ തെരച്ചില്‍ തുടരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.

കുട്ടികളെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരടക്കമുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. യുകെയിലെമ്പാടും കടുത്ത മഞ്ഞും കൊടും തണുപ്പുമുള്ള സമയമാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. തണുത്തുറഞ്ഞ വെള്ളത്തില്‍ അരയോളം ജലനിരപ്പിലിറങ്ങിയായിരുന്നു നാല് കുട്ടികളെ പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ പൊലീസുകാരന് ഹൈപ്പോതെര്‍മിയ അവസ്ഥയും വന്നിരുന്നു. കരയിലെത്തിച്ച ഉടന്‍ തന്നെ സിപിആര്‍ അടക്കമുള്ളവ നല്‍കിയിരുന്നെങ്കിലും രക്ഷിക്കാന്‍ സാധിക്കാത്തതിന്‍റെ വിഷമത്തിലാണ് രക്ഷാ പ്രവര്‍ത്തകരാണ്.

Top