കാലിഫോര്‍ണിയയില്‍ മൂന്ന് ആണ്‍കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തി; ഇന്ത്യന്‍ വംശജന് ആജീവനാന്ത തടവ്

ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ കൗമാരക്കാരായ മൂന്ന് ആണ്‍കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ആജീവനാന്ത തടവ്. വീടിന്റെ കോളിങ് ബെല്‍ അടിച്ച് പ്രാങ്ക് ചെയ്തതില്‍ പ്രകോപിതനായാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള അനുരാഗ് ചന്ദ്ര (45) കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

2020 ജനുവരി 19 ന് രാത്രി ടെമെസ്‌കാല്‍ കാന്യോണ്‍ റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ 16 വയസുള്ള മൂന്ന് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ കുട്ടികള്‍ പ്രതിയുടെ വീട്ടില്‍ ചെന്ന് കോളിങ് ബെല്ല് അടിച്ച് പ്രാങ്ക് ചെയ്യുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ ഇവര്‍ തങ്ങളുടെ കാറുമായി രക്ഷപ്പെട്ടു. ഇതില്‍ പ്രകോപിതാനായ പ്രതി തന്റെ കാറെടുത്ത് പിന്തുടരുകയും മനപ്പൂര്‍വം അവരുടെ വാഹനത്തില്‍ ഇടിച്ചുവീഴ്ത്തുകയുമായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകം,കൊലപാതകശ്രമം തുടങ്ങി ഒന്നിലധികം കുറ്റങ്ങളായിരുന്നു അനുരാഗ് ചന്ദ്രക്കെതിരെ ചുമത്തിയിരുന്നത്.

സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്. കുറ്റവാളിക്കെതിരെ വിധി പറയാന്‍ മൂന്ന് മണിക്കൂര്‍ മാത്രമേ എടുത്തിട്ടുള്ളൂവെന്ന് ജില്ലാ അറ്റോര്‍ണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Top