ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ശിവമോഗ: കര്‍ണാടകയിലെ ശിവമോഗയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊലപാതകത്തിന് പിന്നില്‍ നാലു പേരാണ് ഉള്‍പ്പെട്ടതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ഏതെങ്കിലും സംഘടനകള്‍ ഇതിന് പിന്നില്‍ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

കര്‍ണാടകയില്‍ ഉയര്‍ന്നുവന്നിട്ടുളള ഹിജാബ് വിവാദവുമായി കൊലപാതകത്തിന് യാതൊരു ബന്ധവുമില്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് പിന്നില്‍ മറ്റു പല കാരണങ്ങളാണെന്നും മന്ത്രി പറഞ്ഞു.

ബജ്‌റംഗ്ദളിന്റെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ഹര്‍ഷ. കൊലപാതകത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ശിവമോഗയില്‍ നടക്കുന്നത്. പ്രതിഷേധകര്‍ വാഹനങ്ങള്‍ കത്തിക്കുകയും വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരേയും കല്ലേര്‍ നടത്തുകയും ചെയ്തു. കൊലപാതകത്തെ തുടര്‍ന്ന് ശിവമോഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു ഇതെല്ലാം ലംഘിച്ചയിരുന്നു പ്രതിഷേധം.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സമാധാനം പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന നില നിലനിര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും ബൊമ്മൈ പറഞ്ഞു. നിരോധനാജ്ഞയെ തുടര്‍ന്ന് സ്ഥലത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടം ചേരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Top