പുത്തന്‍ പ്രതീക്ഷകളുമായി മൂന്നര ലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടെ പുതിയ അധ്യായന വര്‍ഷത്തിന് ഇന്ന് തുടക്കം. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആശംസാ പ്രസംഗം നടത്തി. മൂന്നര ലക്ഷം കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്.

കൊവിഡ് കാലത്തും പഠനം മുടങ്ങാതിരിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണെന്നും അത് കെട്ടിപടുക്കാനുളള തുടക്കമാണ് പ്രവേശനോത്സവമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. പ്രതിസന്ധിഘട്ടങ്ങള്‍ വലിയ പാഠങ്ങള്‍ പഠിക്കാനുളള അവസരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിക്ടേഴ്‌സ് ചാനല്‍ വഴി ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടര്‍ന്ന് യഥാര്‍ത്ഥ ക്ലാസ് ആരംഭിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്കുപുറമേ അതത് സ്‌കൂളുകളില്‍ നിന്നുകൂടി ക്ലാസ് എടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ക്ലാസുകള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ. ഒരു വര്‍ഷത്തെ അനുഭവ പരിചയം കാര്യങ്ങള്‍ എളുപ്പമാക്കും. പുതിയ മാറ്റങ്ങള്‍ പഠനത്തില്‍ അധ്യാപകരുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കും. ചടങ്ങില്‍ ഗതാതഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top