threats-from-terrorists-y-category-security in-bjp-leaders but no commando protection in cm

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരില്‍ പദവി ലഭിച്ചില്ലെങ്കിലെന്താ ഇനി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് ‘സ്‌റ്റൈലിഷായി’ നടക്കാം.

തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫ് ജവാന്മാരുടെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍,ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍,എംടി രമേശ്,പികെ കൃഷ്ണദാസ് എന്നിവര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റിയംഗം ഉള്‍പ്പെടെ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്താണ് ആര്‍എസ്എസ് കളരിയില്‍ നിന്ന് രാഷ്ട്രീയ വിദ്യാഭ്യാസം നേടിയ ബിജെപി നേതാക്കള്‍ സായുധ സുരക്ഷയില്‍ അഭയം പ്രാപിക്കുന്നത്.

അത്യാധുനിക തോക്കുകളോട് കൂടിയ 13 സിആര്‍പിഎഫ് ജവാന്മാരടങ്ങുന്ന നാല് സംഘങ്ങളാണ് നാല് നേതാക്കള്‍ക്കും സുരക്ഷ ഒരുക്കുന്നത്.

നേതാക്കളുടെ യാത്ര,വീടിന്റെയും മറ്റ് താമസസ്ഥലങ്ങളുടെയും സുരക്ഷാ ചുമതല എന്നിവ ഈ സായുധ സേനക്കായിരിക്കും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ.

നേരത്തെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേന്ദ്ര സര്‍ക്കാര്‍ സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

സായുധസേനാംഗങ്ങളുടെ സംരക്ഷണയില്‍ ‘ചെത്താമെങ്കിലും’ സന്ദര്‍ശകരുടെയടക്കമുള്ള വ്യക്തിഗത വിവരങ്ങളിലടക്കം ഇടപെടലുണ്ടാവുമെന്നതാണ് മറ്റൊരു കാര്യം.

സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സംസ്ഥാന പൊലീസിന്റെ പരിമിത സെക്യൂരിറ്റിയില്‍ സഞ്ചരിക്കുമ്പോള്‍ എകെ 47 ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങളേന്തിയ കേന്ദ്രസേനയുടെ തണലില്‍ ഇനി ബിജെപി നേതാക്കളൊന്ന് വിലസുക തന്നെ ചെയ്യും.

കമാന്‍ഡോ സുരക്ഷയിലല്ല ജനങ്ങളുടെ സുരക്ഷയിലാണ് വിശ്വാസമെന്ന നിലപാടില്‍ തനിക്കുള്ള സെക്യൂരിറ്റി പോലും കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി.

മാവോയിസ്റ്റുകള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുഖ്യമന്ത്രിക്ക് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമാന്‍ഡോ സുരക്ഷ വേണ്ടെന്ന നിലപാടിലാണ്.

Top