ആശാറാമിനെതിരെ നല്‍കിയ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ ഭീഷണി

ഉത്തര്‍പ്രദേശ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായി നല്‍കിയ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ അച്ഛന്‍.

‘ആ ദുഷ്ടനെ തൂക്കിലേറ്റണം. ഞങ്ങളുടെ മകളുടെ ജീവിതമാണ് അയാള്‍ തകര്‍ത്തത്. മനുഷ്യത്വത്തില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസമാണ് പിഴുതെടുക്കപ്പെട്ടത്’ ആശാറാമിനെതിരെ ബലാത്സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

കേസില്‍ സാക്ഷിമൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയതില്‍ പിന്നെ മൂന്ന് സാക്ഷികള്‍ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാകുകയും ചെയ്തു. ഒരാളെ കോടതി പരിസരത്തുവെച്ചാണ് ആശാറാമിന്റെ അനുയായികള്‍ കുത്തിക്കൊന്നത്. ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ പൊലീസ് സംരക്ഷണത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം ജീവിക്കുന്നത്.

എന്നാല്‍, ആശാറാം ബാപ്പുവിനെതിരായ വിചാരണ വൈകുന്നതില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനെ കഴിഞ്ഞ ദിവസം വിമര്‍ശിക്കുകയുണ്ടായി.

ഉത്തര്‍പ്രദേശിലെ ഒരു ഉള്‍ഗ്രാമത്തിലാണ് ആശാറാമിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയും മാതാപിതാക്കളും ജീവിക്കുന്നത്. ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ച് 16-കാരിയായ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ആശ്രമത്തില്‍ താമസിച്ചു പഠിക്കുകയായിരുന്നു പെണ്‍കുട്ടി.

പരാതിയെ തുടര്‍ന്ന്, 2013 ആഗസ്റ്റില്‍ ആശാറാമിനെ അറസ്റ്റ് ചെയ്തു.

പ്രതിഭാഗം മനപൂര്‍വ്വം വിചാരണ വൈകിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതി. വിചാരണ നീട്ടിക്കൊണ്ടുപോയി ദരിദ്രരായ തങ്ങളെ മാനസികമായും സാമ്പത്തികമായും ദുര്‍ബലപ്പെടുത്താനാണ് നീക്കം. സമ്പത്തും സ്വാധീനവുമുള്ള പ്രതിഭാഗം ഭീഷണിപ്പെടുത്തി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

ഈ വര്‍ഷമാദ്യം ആശാറാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ജാമ്യം ലഭിക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

തുടര്‍ന്ന് രണ്ടാം തവണയാണ് വിചാരണ വൈകുന്നതില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചത്.

Top