ഇതിന് മുന്‍പും ഭീഷണിപ്പെടുത്തിയിട്ടുണ്ട്, അന്നും ഞാന്‍ വീട്ടില്‍ കിടന്നാണ് ഉറങ്ങിയത്; രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്റെ ഭീഷണിയെ ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാധാകൃഷ്ണന്റെ ആളുകള്‍ മുമ്പും പലതവണ ഇത്തരം ഭീഷണികള്‍ മുഴക്കിയിട്ടുണ്ടെന്നും എന്നിട്ടും താന്‍ വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയെന്ന സംരക്ഷണം ഒന്നും ഇല്ലാത്ത കാലത്തും താന്‍ ഇത്തരം ഭീഷണികളെ അതിജീവിച്ചിട്ടുണ്ടെന്നും അത് ഓര്‍ത്താല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ സുരേന്ദ്രനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ഇതു തുടര്‍ന്നാല്‍ പിണറായി വിജയനെ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ലെന്നും തന്റെ മക്കളെ കാണാന്‍ അദ്ദേഹം ജയിലില്‍ നിന്നും വരേണ്ടി വരുമെന്നുമായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയ്‌ക്കെതിരായ ഭീഷണി ഗൗരവമായി കാണണമെന്ന് പിണറായി പറഞ്ഞു.

”നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാണെന്ന് തീരുമാനിക്കരുത്. അത് ശരിയായൊരു നിലപാടല്ല. മറ്റുള്ളവരുടെ കാര്യത്തില്‍ എന്ത് വേണമെന്നുള്ളത് ഞാനങ്ങ് തീരുമാനിക്കും, അതങ്ങ് നടപ്പാക്കും എന്ന് കരുത്തുകയാണെങ്കില്‍ അതൊന്നും നടപ്പാകില്ല എന്ന് നമ്മുടെ നാട് തെളിയിച്ചുകഴിഞ്ഞില്ലേ. എന്തെല്ലാമായിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ. എന്തുകൊണ്ടാണത്”. മുഖ്യമന്ത്രി പറഞ്ഞു.

താന്‍ അക്കാര്യങ്ങളൊന്നും ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മക്കളെ ജയിലില്‍ പോയി കാണേണ്ടി വരും എന്ന് പറയുന്നതിന്റെ ഉദ്ദേശം എന്താണ്. എന്ത് സന്ദേശമാണ് ആ പ്രസ്താവന കൊണ്ട് നല്‍കുന്നത്. ആ സന്ദേശമാണ് നാം ഗൗരവമായി കാണേണ്ടത്. ഇവിടെ ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. ആ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തില്‍ ഒരു അമിത താത്പര്യത്തോടെയോ തെറ്റായോ സര്‍ക്കാര്‍ ഇടപെട്ടു എന്ന് ഇതേവരെ ഒരു ആക്ഷേപം ഉയര്‍ന്നിട്ടില്ല.

മുഖ്യമന്ത്രി എന്ന നിലയ്‌ക്കോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയ്‌ക്കോ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ എന്റെ ഭാഗത്തുനിന്നും സംഭവിച്ചു എന്നതും ഇതേവരെ ആക്ഷേപമായി ഉയര്‍ന്നിട്ടില്ല. അപ്പോള്‍ എന്താണ് ഉദ്ദേശം. ഓ നിങ്ങള്‍ ഇവിടെ അന്വേഷിക്കുകയാണല്ലേ, ഈ കേസ് നിങ്ങള്‍ അന്വേഷിക്കുകയാണല്ലേ. അങ്ങനെ അന്വേഷിക്കുകയാണെങ്കില്‍ ഈ സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ ഞങ്ങള്‍ കുടുക്കും. അത് മറ്റൊരു തരത്തിലുള്ള ഭീഷണിയാണ്”. മുഖ്യമന്ത്രി പറഞ്ഞു.

Top