വനം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി : സിപിഐ നേതാവിനോട് പാര്‍ട്ടി വിശദീകരണം തേടി

ഇടുക്കി : ഇടുക്കി മാങ്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വധഭീക്ഷണി നടത്തിയ സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസിനോട് പാര്‍ട്ടി വിശദീകരണം തേടി. വനം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കിനുള്ള സാഹചര്യം വ്യക്തമാക്കാന്‍ സിപിഐ ജില്ലാ സെക്രട്ടറി കെ. കെ ശിവരാമന്‍ ആവശ്യപ്പെട്ടു.

പ്രവീണ്‍ ജോസഫ് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ മര്‍ദിക്കുമെന്നും ആക്രമിക്കുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നു. റെയ്ഞ്ച് ഓഫീസറെ കെട്ടിയിട്ട് മര്‍ദ്ദിക്കുമെന്നാണ് പ്രവീണ്‍ ഭീഷണി മുഴക്കിയത്. റെയ്ഞ്ച് ഓഫീസറെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ മാറ്റാമെന്നും എന്നാല്‍ ഓഫീസര്‍ക്ക് തരാനുള്ളത് തന്നിട്ടേ മാറ്റൂവെന്നും സി.പി.ഐ. ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തി.

ബംഗ്ലാവുതറ അമ്പതാംമൈലില്‍ വനംവകുപ്പ് കിടങ്ങ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പ്രദേശത്ത് ആന ഇറങ്ങാതിരിക്കാനാണ് വനംവകുപ്പ് കിടങ്ങ് കുഴിച്ചിരുന്നത്. ഇത് കര്‍ഷകരുടെ സ്ഥലത്താണ്. ഇതേ തുടര്‍ന്ന് ഇവിടെ വനംവകുപ്പും സിപിഐയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി.

Top