ന്യൂഡല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ വധിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന മകന്റെ ആരോപണം ബീഹാര്‍ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുന്നു.
കാലിത്തീറ്റ കേസില്‍ ഏഴു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ ജയിലില്‍ അപായപ്പെടുത്താനാണ് നീക്കമെന്നാണ് ആരോപണം.
വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് പിന്നാലെ ബി.ജെ.പി നേതാക്കളില്‍ നിന്നും വധഭീഷണിയുണ്ടെന്ന് പറയുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ലാലു പ്രസാദ് യാദവ്.
അച്ഛന്റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലന്നും ഇതിന് പിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചന സംശയിക്കുന്നതായും മകന്‍ തേജസ്വി യാദവ് പറഞ്ഞു. ലാലുവിനെ ശിക്ഷിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് ലാലുവിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
അതേസമയം തേജസ്വിയുടെ ആരോപണങ്ങള്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി തള്ളി. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കാതെ ലാലുവിനെ ശിക്ഷിച്ചതിനെതിരെ അപ്പീല്‍ നല്‍കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഒരാള്‍ക്ക് ജീവന് ഭീഷണിയുണ്ടെങ്കില്‍ അദ്ദേഹം പരാതി നല്‍കുകയാണ് വേണ്ടത്. എന്ത് ഭീഷണിയാണുള്ളതെന്ന് ലാലു വ്യക്തമാക്കണം. സന്ദര്‍ശകരെ അനുവദിക്കാത്ത ഒരാളുടെ ജീവന്‍ ഏത് തരത്തിലാണ് അപകടത്തിലാവുന്നതെന്നും സുശീല്‍ മോദി ചോദിച്ചു.


