മദ്രാസ് ഐഐടിയിലെ ജാതി വിവേചനം തുറന്ന് പറഞ്ഞ മുന്‍ അധ്യാപികയ്ക്ക് ഭീഷണി

ചെന്നൈ: മദ്രാസ് ഐഐടിയിലെ ജാതി വിവേചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ മുന്‍ അധ്യാപിക വസന്ത കന്തസ്വാമിക്ക് ഭീഷണി. മദ്രാസ് ഐഐടിയില്‍ സമ്പൂര്‍ണ സവര്‍ണാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നും ദളിത് മുസ്ലീം വിദ്യാര്‍ഥികള്‍ വിവേചനം നേരിടുന്നുവെന്നുമായിരുന്നു മുന്‍ അധ്യാപിക വസന്ത കന്തസ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് വസന്തകുമാരിക്ക് നേരെ വധഭീഷണി ഉയര്‍ന്നത്. ഇത്തരം അഭിമുഖങ്ങള്‍ നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി കൊണ്ട് ഒരു അപരിചിത നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്.

മദ്രാസ് ഐഐടിയില്‍ നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ വെല്ലൂര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ അധ്യാപികയാണ് വസന്ത കന്തസാമി. മാധ്യമങ്ങളെ ഇനി കാണരുതെന്ന നിര്‍ദേശമാണ് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റും നല്‍കിയിരിക്കുന്നത്.

അതിനിടെ, വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ രഹസ്യസ്വഭാവത്തോടെയാണ് അധികൃതര്‍ കൈകാര്യം ചെയ്യുന്നതെന്ന് ഐഐടിയിലെ മുന്‍ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.കടുത്ത വെല്ലുവിളി അതിജീവിച്ച് വേണം പഠനം പൂര്‍ത്തിയാക്കാനെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഫാത്തിമ ലത്തീഫ് പഠനം നടത്തിയിരുന്ന ഹ്യൂമാനിറ്റീസ് വകുപ്പില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും സമാന അനുഭവമാണ് പറയാനുള്ളത്.

Top