ത്രെഡ്സിന് പകുതിയിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടു; മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

ലോഞ്ച് ചെയ്ത് ആഴ്ചകള്‍ക്കുള്ളില്‍ ത്രെഡ്സിന് തങ്ങളുടെ പകുതിയിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം ടൗണ്‍ ഹാള്‍ മീറ്റിംഗില്‍ ജീവനക്കാരെ അറിയിച്ചത്. ‘ത്രെഡ്സില്‍ 100 ദശലക്ഷത്തിലധികം ആളുകള്‍ സൈന്‍ അപ്പ് ചെയ്തിട്ടുണ്ടെങ്കില്‍, അവരില്‍ പകുതിയോളം ആളുകള്‍ അതില്‍ തുടരേണ്ടതുണ്ട്. എന്നാല്‍ അതിന് സാധിച്ചില്ല എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഡെസ്‌ക്ടോപ്പ് വേര്‍ഷനും സെര്‍ച്ചിങ് ഓപ്ഷനും ഉള്‍പ്പെടെ ആപ്ലിക്കേഷനിലേക്ക് കമ്പനി കൂടുതല്‍ സവിശേഷതകള്‍ ചേര്‍ക്കുന്നതിനാല്‍ ഈ ഡ്രോപ്പ്ഓഫ് ‘സാധാരണ’ ആണെന്നും മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപയോക്താക്കളെ ത്രെഡ്സില്‍ നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ മെറ്റ ആരംഭിച്ചതായാണ് സൂചന. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പ്രധാന ത്രെഡുകള്‍ ലഭ്യമാകുന്ന തരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും പദ്ധതിയുള്ളതായി ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ക്രിസ് കോക്സ് പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു മെറ്റ തങ്ങളുടെ പുതിയ പ്ലാറ്റ്ഫോമായ ത്രെഡ്സ് പുറത്തിറക്കിയത്. ആദ്യവാരങ്ങളില്‍ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ലഭിച്ച ത്രെഡ്സിന് പിന്നീട് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം 49 ദശലക്ഷത്തിലേക്കും അവിടെ നിന്നും നിന്ന് 23.6 ദശലക്ഷത്തിലേക്കും കുറഞ്ഞു.

Top