ത്രെഡ്‌സിന്റെ ലോഗോ; മലയാളികളും തമിഴരും തമ്മിലുള്ള വെര്‍ച്വല്‍ പോര് തുടരുന്നു

ട്വിറ്ററിനെ വെല്ലാന്‍ മെറ്റ അവതരിപ്പിച്ച ത്രെഡ്‌സിന്റെ ലോഗോയെ ചൊല്ലിയുള്ള വെര്‍ച്വല്‍ പോരാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. മലയാളികളും തമിഴരുമാണ് ഈ പോരില്‍ മുന്നിട്ട് നിക്കുന്നത്. മലയാളം യുണീകോഡ് ലിപിയിലെ ‘ത്ര’യോടും ‘ക്ര’യോടും ലോഗോയ്ക്ക് ഏറെ സാമ്യമുണ്ടെന്നാണ് മലയാളികള്‍ പറയുന്നത്. എന്നാല്‍ തമിഴിലെ ‘കു’ പോലെയാണ് ലോഗോ എന്നാണ് തമിഴരുടെ അവകാശവാദം. അതേസമയം ലോഗോ ജിലേബി പോലെയാണെന്ന് പറയുന്നവരും ഉണ്ട്.

ഒറ്റനോട്ടത്തില്‍ ആപ്പിന്റെ ലോഗോ കണ്ടാല്‍ ‘@’ ചിഹ്നം പോലെയാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. ലോഗോയെ കുറിച്ച് സക്കര്‍ബര്‍ഗോ മെറ്റയോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ അതിന്റെ ഡിസൈന്‍ നെറ്റിസണ്‍സിനിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ത്രെഡ്‌സില്‍ കയറി ചുറ്റിക്കറങ്ങി വന്ന ശേഷമാണ് നെറ്റിസണ്‍സ് ട്വിറ്ററില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

നിലവില്‍ ഐഒഎസ് , ആന്‍ഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലായി മെറ്റ ത്രെഡ്‌സ് അവതരിപ്പിച്ചു കഴിഞ്ഞു. ഏഴ് മണിക്കൂറിനുള്ളില്‍ 10 മില്യണ്‍ ഉപയോക്താക്കളെയാണ് ത്രെഡ്‌സിനു ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് ദശലക്ഷം, ഏഴ് മണിക്കൂറില്‍ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്‌സ് മുന്നേറുന്നത്. ഇന്‍സ്റ്റാഗ്രാമിന്റെ വലിയൊരു വിഭാഗം ഉപഭോക്താക്കളെയാണ് ത്രെഡ്സ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിന്റെ നാലിലൊന്ന് ഉപഭോക്താക്കളെ ത്രെഡ്സിന് ലഭിച്ചാല്‍ ട്വിറ്ററിനത് വലിയൊരു വെല്ലുവിളിയാകുമെന്നാണ് സൂചന.

Top