രാഹുല്‍ ഗാന്ധിയെ പരസ്യമായി തല്ലിച്ചതയ്ക്കൂ; ഉദ്ധവ് താക്കറേയോട് സവര്‍ക്കറുടെ കൊച്ചുമകന്‍

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയെ പരസ്യമായി തല്ലിച്ചതയ്ക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയോട് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കറുടെ അഭ്യര്‍ത്ഥന.

സവര്‍ക്കറെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി വന്‍പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇതിനിടെയാണ് രഞ്ജിത് സവര്‍ക്കറുടെ പ്രസ്താവന.

”എന്റെ മുത്തച്ഛന്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. അത് സത്യമല്ല, ജയിലില്‍ നിന്ന് മോചനം ലഭിക്കാന്‍ ബ്രിട്ടീഷുകാരുടെ നിബന്ധനകള്‍ സമ്മതിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബ്രിട്ടീഷുകാരോട് അദ്ദേഹം ഒരിക്കലും അനുഭാവം പ്രകടിപ്പിച്ചിട്ടില്ല.” രഞ്ജിത് സവര്‍ക്കര്‍ പറയുന്നു.

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയാന്‍ ബിജെപി ആവശ്യപ്പെട്ടപ്പോള്‍ മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും രാഹുല്‍ഗാന്ധി എന്നാണെന്നും സത്യം പറഞ്ഞതിന്റെ പേരില്‍ മരിക്കേണ്ടി വന്നാലും മാപ്പ് പറയില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുല്‍ ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച് ഇന്ത്യക്കാര്‍ ഏറ്റെടുത്ത വാക്കാണ് ‘മേക്ക് ഇന്‍ ഇന്ത്യ’. എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും ബലാത്സംഗം ആണ്. ഇപ്പോള്‍ ഇന്ത്യ ‘റേപ്പ് ഇന്‍ ഇന്ത്യ’ ആണ് എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. മാത്രമല്ല ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ എംഎല്‍എ തന്നെ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top