തൊഴിയൂര്‍ സുനില്‍ വധക്കേസ്; ജംഇയ്യത്തുല്‍ ഇസ്ഹാനിയ പ്രവര്‍ത്തകന്‍ പിടിയില്‍.

ചാവക്കാട്: തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ജംഇയ്യത്തുല്‍ ഇസ്ലാമിയ്യ പ്രവര്‍ത്തകനായ പള്ളം ചെറുതുരുത്തി സ്വദേശി സലീം ആണ് അറസ്റ്റിലായത്. ഡിവൈഎസ്പി പി കെ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് സലീമിനെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

സലീം ജംഇയ്യത്തുല്‍ ഇസ്ഹാനിയയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. നേരത്തെ അറസ്റ്റിലായ പ്രതികളുടെ ജീപ്പ് ഓടിച്ചിരുന്നത് സലീമാണ്. കൂടാതെ സംഭവശേഷം പ്രതികളെ രക്ഷപെടാനും ഇയാള്‍ സഹായിച്ചിരുന്നു. വിദേശത്തേക്ക് രക്ഷപ്പെട്ട സലീം അവിടെ ഒളിവില്‍ കഴിയുകയായിരുന്നു.

വിദേശത്ത് ഒളിവിലായിരുന്ന പ്രതി നാട്ടിലെത്തിയെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുലാമന്തോള്‍ പാലൂര്‍ മോഹനചന്ദ്രന്‍ വധക്കേസിലും സലീം പ്രതിയാണ്.

1994 ഡിസംബര്‍ നാലിനാണ് ആര്‍എസ്എസ് കാര്യവാഹക് തൊഴിയൂര്‍ സുനില്‍ കൊല്ലപ്പെടുന്നത്. ആയുധവുമായെത്തിയ പ്രതികള്‍ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടുകയായിരുന്നു.

Top