മഹാരാഷ്ട്രയെ വീണ്ടും ചുവപ്പിച്ച് മുംബൈയില്‍ കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്

മുംബൈ : മഹാരാഷ്ട്രയെ വീണ്ടും ചുവപ്പിച്ച് മുംബൈയില്‍ കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്. ഇരുപതിനായിരത്തിലധികം പേരാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍പങ്കെടുക്കുന്നത്.

മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍നിന്നാരംഭിച്ച റാലി ബുധനാഴ്ച രാത്രിയോടെയാണ് സോമയ്യ കോളജ് മൈതാനത്ത് എത്തിയത്. ഇവിടെ തങ്ങുന്ന കര്‍ഷകര്‍ വ്യാഴാഴ്ച ആസാദ് മൈതാനത്തെത്തും. കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കിലോമീറ്റര്‍ കണക്കിന് കാല്‍നട യാത്രയാണ് നടക്കുന്നത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, വനാവകാശ നിയമം നടപ്പാക്കല്‍, ദരിദ്ര കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കല്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കല്‍ വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് കര്‍ഷകരെ വഞ്ചിച്ചതിനെതിരായ പ്രതിഷേധമാണ് ലോംഗ് മാര്‍ച്ചിലൂടെ പ്രകടിപ്പിക്കുന്നത്.

വന്‍തോതിലുള്ള കൃഷിനാശം നേരിട്ട കര്‍ഷകരെ ഏക്കറിന് നാല്‍പ്പതിനായിരം രൂപ നല്‍കി സഹായിക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം ഉന്നയിച്ച് കര്‍ഷകര്‍ നേരത്ത നടത്തിയ പ്രതിഷേധ മാര്‍ച്ചിലും പതിനായിരങ്ങളാണ് പങ്കെടുത്തത്.

Top