ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ആത്മീയ നേതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍

ഭോപ്പാല്‍: ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് അന്തരിച്ച ആത്മീയ നേതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ദദാജി എന്നറിയപ്പെടുന്ന ദേവ് പ്രഭാകര്‍ ശാസ്ത്രി (82) യുടെ ശവസംസ്‌കാര ചടങ്ങിലാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കളും സിനിമാതാരങ്ങളുല്‍പ്പെടെ ആയിരത്തോളം പേര്‍ പങ്കെടുത്തത്.

മധ്യപ്രദേശിലെ കത്നിയിലാണ് സംഭവം.സംസ്‌കാരചടങ്ങിനെത്തിയ ആയിരക്കണക്കിന് ആളുകള്‍ തെരുവിലൂടെ നടന്നു നീങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിച്ചുവെന്നുമാണ് കത്‌നി ജില്ലാ കളക്ടര്‍ ശശി ഭൂഷണ്‍ സിംഗ് പറയുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബിജെപി നാഷണല്‍ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, ദിഗ്‌വിജയ് സിംഗ് എന്നിവര്‍ ചടങ്ങില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഡല്‍ഹിയില്‍ ചികിത്സയിലായിരുന്ന ദേവ് പ്രഭാകര്‍ ശാസ്ത്രി ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയാണ് മരണപ്പെട്ടത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മധ്യപ്രദേശിലേയ്ക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

Top