കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ ആയിരത്തോളം സര്‍വ്വീസുകള്‍ ഇന്ന് മുടങ്ങും.

പിരിച്ചുവിട്ടവര്‍ക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാര്‍രെ ഇന്നലെ നിയമിച്ചിരുന്നു.

എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ല. അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ നിയമനം സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാകും വരെ തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് താത്കാലിക കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

പി.എസ്.സി പട്ടികയില്‍നിന്ന് ആവശ്യത്തിനു ജീവനക്കാരെ കിട്ടിയില്ലെങ്കില്‍ എം പാനലുകാരെ പരിഗണിക്കണമെന്നു പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top