ആലപ്പുഴ: കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ആലപ്പുഴ തോട്ടപ്പളളി മത്സ്യബന്ധന തുറമുഖം വെറും കാഴ്ചവസ്തുവായി. മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടേണ്ട തുറമുഖത്തിനാണ് ഈ ദുരവസ്ഥ. പൊഴിമുഖം മണലടിഞ്ഞു കയറിയതിനാല്‍ വലിയ വള്ളങ്ങള്‍ക്ക് തുറമുഖത്തേക്ക് കടക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം പുറക്കാട്, പുന്തല ഭാഗങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ വള്ളങ്ങള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ തൊഴിലാളികള്‍ ഏറെ പണിപ്പെട്ടു.
15 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച തോട്ടപ്പളളി മത്സ്യബന്ധന തുറമുഖം ഈ മേഖലയിലെ മത്സ്യത്തൊഴിലാഴിലാളികളുടെ വലിയ പ്രതീക്ഷയായിരുന്നു.1987ല്‍ ഫിഷ് ലാന്റിങ്ങ് സെന്ററായി തുടങ്ങി 91ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതി 2011ലാണ് ഫിഷിങ്ങ് ഹാര്‍ബറായി മാറ്റിയത്. ഹാര്‍ബര്‍ പ്രവര്‍ത്തനം തുടങ്ങി 3 വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ പ്രവര്‍ത്തന രഹിതമായി. പൊഴിമുഖത്ത് മണലടിഞ്ഞു കയറിയതോടെ തുറമുഖത്ത് മണല്‍നിറഞ്ഞു. ഇതോടെ വലിയ വളളങ്ങള്‍ക്ക് തുറമുഖത്ത് കടക്കാന്‍ കഴിയാതായി.
മദ്രാസ് ഐഐടിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം നിര്‍മിച്ച ഹാര്‍ബറിനാണ് ഈ ദുരവസ്ഥ. പൊഴിമുഖത്ത് അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാന്‍ തുടക്കത്തില്‍ ഐആര്‍ഇയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പിന്നീട് വിവാദമായ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം ആരംഭിച്ചത്. മണലെടുത്ത് ഐആര്‍ഇയും സ്വകാര്യ കമ്പനിയും ലാഭം ഉണ്ടാക്കിയപ്പോള്‍ ഹാര്‍ബര്‍ മണലൂറ്റ് കേന്ദ്രമായി മാറിയെന്നും ഹാര്‍ബറിന് വടക്കുളള പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാകാതെ പ്രശ്‌നപരിഹാരമുണ്ടാകില്ല എന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.