കെ.കരുണാകരനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും താഴെ ഇറക്കിയവർ മാപ്പുപറയുമോ ?

isro-karunakaran

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീം കോടതി നീതി നല്‍കിയപ്പോള്‍ ചാരനെന്ന് മുദ്രകുത്തി മുഖ്യമന്ത്രിക്കസേരയില്‍ നിന്നും കെ. കരുണാകരനെ ആട്ടിയിറക്കിയവര്‍ മാപ്പുപറയുമോ. കോണ്‍ഗ്രസില്‍ കെ. കരുണാകരന്‍ നേതൃത്വം നല്‍കിയ ഐ ഗ്രൂപ്പും എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും അങ്കം കുറിച്ച് കരുണാകരനെ കാലുവാരി മുഖ്യമന്ത്രിക്കസേരയില്‍ നിന്നും താഴെ ഇറക്കിയ വജ്രായുധമായിരുന്നു ചാരക്കേസ്.

ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നു സി.ബി.ഐ കണ്ടെത്തുകയും ഇതിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതി ജസ്റ്റിസ് ഡി.കെ ജെയിന്‍ അധ്യക്ഷനമായ കമ്മിറ്റിക്കും രൂപം നല്‍കിയതോടെ ഗൂഢാലോചനക്കു പിന്നിലെ രാഷ്ട്രീയക്കളിയും മറനീക്കുകയാണ്.

കരുണാകരന്റെ ശൈലി മാറ്റണമെന്നും പറഞ്ഞ് കോണ്‍ഗ്രസില്‍ ഭരണമാറ്റത്തിന് കരുനീക്കിയത് ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദുമായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരില്‍ കരുണാകരനെ മാറ്റി ആന്റണിയെ മുഖ്യമന്ത്രിയാക്കാന്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയും ഒപ്പം കൂടി.

കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വയലാര്‍ രവിയെ മത്സരിപ്പിച്ച് എ.കെ ആന്റണിയെ പരാജയപ്പെടുത്തിയതോടെയാണ് എ ഗ്രൂപ്പ് കെ. കരുണാകരനെ വെട്ടാനുള്ള കളികള്‍ തുടങ്ങിയത്. 1991ല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ഐ ഗ്രൂപ്പ് നേടിയതോടെ കെ.കരുണാകരനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചു.

mani-kunjalikutty

എ ഗ്രൂപ്പ് പ്രതിനിധികളായി മന്ത്രിസഭയിലേക്ക് ഉമ്മന്‍ചാണ്ടിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും വി.എം സുധീരന്റെയും പേര് ആന്റണി നിര്‍ദ്ദേശിച്ചു. ആര്യാടനെയും സുധീരനെയും മന്ത്രിമാരാക്കില്ലെന്ന് കരുണാകരന്‍ ശഠിച്ചു. ഒടുവില്‍ ഉമ്മന്‍ചാണ്ടിക്കു ധനമന്ത്രി സ്ഥാനവും കെ.പി വിശ്വനാഥന് വനവും നല്‍കി. ആര്യാടനുവേണ്ടി ശുപാര്‍ശ പറയാന്‍പോയ ടി.എച്ച് മുസ്തഫയെയും മന്ത്രിയാക്കി.

കരുണാകരനെതിരെ എ ഗ്രൂപ്പില്‍ പടനയിച്ചത് ഗ്രൂപ്പിന്റെ ചാണക്യനായ ആര്യാടന്‍ മുഹമ്മദായിരുന്നു. 1994ല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് വയലാര്‍ രവിയെ പ്രഖ്യാപിച്ചപ്പോള്‍ എ ഗ്രൂപ്പ് ഡോ.എം.എ കുട്ടപ്പനെയും സ്ഥാനാര്‍ത്ഥിയാക്കി. കോണ്‍ഗ്രസിന് രണ്ട്‌പേരെയും വിജയിപ്പിക്കാന്‍ കഴിയുമായിരുന്നിട്ടും കരുണാകരന്‍ കുട്ടപ്പനെ വെട്ടി സീറ്റ് ചോദിക്കാത്ത മുസ്‌ലിം ലീഗിന് സീറ്റു വെച്ചുനീട്ടി.

ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജിതനായ എം.പി അബ്ദുസമദ് സമദാനിയെ കരുണാകരന്റെ കാരുണ്യത്തില്‍ ലീഗ് രാജ്യസഭയിലേക്കയച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കെ .കരുണാകരന്‍ അമേരിക്കയില്‍ ചികിത്സക്കുപോയപ്പോള്‍ ഒരിലയില്‍ ചോറുണ്ട് ഒപ്പം നിര്‍ത്തി വളര്‍ത്തിയ രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനും എം.ഐ ഷാനവാസും തിരുത്തല്‍വാദം പറഞ്ഞ് ലീഡര്‍ക്കെതിരെ തിരിഞ്ഞു. ഇവര്‍ക്കു പ്രസംഗിക്കാന്‍ വേദിയൊരുക്കിയത് എ ഗ്രൂപ്പായിരുന്നു.

പിന്നീട് ധനമന്ത്രി സ്ഥാനത്തു നിന്നും ഉമ്മന്‍ചാണ്ടിയും വനം മന്ത്രി സ്ഥാനത്തുനിന്നും കെ.പി വിശ്വനാഥനും രാജിവെച്ച് കരുണാകരനെതിരെ കാലപക്കൊടി ഉയര്‍ത്തി. കരുണാകരന്റെ കാരുണ്യത്തില്‍ മന്ത്രിമാരായ എം.ടി പത്മയെയും പന്തളം സുധാകരനെയും രഘുചന്ദ്രബാലിനെയും ആര്യാടന്റെ തന്ത്രത്തില്‍ ചാക്കിട്ടുപിടിച്ചു. കരുണാകരന്റെ കാരുണ്യത്തില്‍ സ്ഥാനമാനങ്ങള്‍ നേടിയ ലീഗും മാണിയും ലീഡറെ കൈവിട്ടു.

antony

സി.പി.എമ്മില്‍ നിന്നും കരുണാകരന്‍ യു.ഡി.എഫ് പാളയത്തിലെത്തിച്ച എം.വി രാഘവനും കെ.ആര്‍ ഗൗരിയമ്മയും മാത്രമാണ് പ്രതിസന്ധി ഘട്ടത്തില്‍ കരുണാകരനെ തുണച്ചത്. പ്രധാനമന്ത്രി പി.വി നരസിംഹറാവു നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥനായ കരുണാകരന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഭീഷണിയാകുമെന്നു കണ്ട് കരുണാകരനെ മാറ്റാനുള്ള നീക്കങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി.

കരുണാകരനെ മാറ്റാന്‍ അവസാന അടവായാണ് ചാരക്കേസ് ഉയര്‍ത്തികൊണ്ടുവന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ മേല്‍ക്കൈ ഉണ്ടായിട്ടും ലീഗും കേരള കോണ്‍ഗ്രസുമടക്കമുള്ള ഘടകകക്ഷികളെ ഇറക്കിയാണ് ഒടുവില്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഇറക്കിയത്. കേന്ദ്ര ഭക്ഷ്യ മന്ത്രി സ്ഥാനം രാജിവെച്ച എ.കെ ആന്റണിയെ പ്രത്യേക വിമാനത്തിലെത്തിച്ച് മുഖ്യമന്ത്രിയാക്കിയപ്പോള്‍ കരുണാകരന്‍ തഴഞ്ഞ ആര്യാടനും വി.എം സുധീരനും മന്ത്രിമാരായി. കരുണാകരനെ പാലം വലിച്ച എം.ടി പത്മക്കും പന്തളം സുധാകരനും തിരുത്തല്‍വാദി ജി. കാര്‍ത്തികേയനും മന്ത്രിസ്ഥാനം കിട്ടി.

കരുണാകരനെ കണ്ണീരിലാഴ്ത്തി മുഖ്യമന്ത്രി പദമേറിയ എ.കെ ആന്റണി പിന്നീട് 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റുമായി കോണ്‍ഗ്രസ് ചരിത്രത്തിലെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ അതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു പോകേണ്ടിവന്നു. ചാരക്കേസ് അടക്കം ഉയര്‍ത്തി കരുണാകരനെ പ്രതികൂട്ടിലാക്കിയ ഉമ്മന്‍ചാണ്ടിക്ക് സോളാര്‍കേസില്‍ ലൈംഗിക ആരോപണങ്ങള്‍ വരെ നേരിടേണ്ടിവന്നു.

റിപ്പോര്‍ട്ട്: എം. വിനോദ്‌

Top