കാവി ഉടുത്തവരെയും ചന്ദനക്കുറി തൊട്ടവരെയും വർഗീയവാദികളാക്കരുത് ;വി.ഡി.സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന് ഹിന്ദുത്വത്തോട് ഒരു തരത്തിലുമുള്ള മൃദുസമീപനവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വോട്ടിനായി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങാൻ പോയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് തീരുമാനിച്ചുമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സതീശന്‍ പറഞ്ഞു. കാവി മുണ്ടുടുത്തവരേയും ചന്ദനക്കുറി തൊട്ടവരേയും വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു സതീശന്‍.

‘വര്‍ഗീയ ശക്തികള്‍ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും അഴിഞ്ഞാടുന്ന സാഹചര്യമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ ചെറുത്ത് തോല്‍പ്പിക്കുമെന്ന നിലപാടാണ് ഞങ്ങള്‍ തൃക്കാക്കരയില്‍ സ്വീകരിച്ചിട്ടുള്ളത്. നാല് വോട്ടിന് വേണ്ടി ഒരു വര്‍ഗീയവാദിയുടേയും തിണ്ണനിരങ്ങാന്‍ യുഡിഎഫ് പോകില്ല. അത്തരക്കാരുടെ വോട്ട് വേണ്ട എന്ന കാര്‍ക്കശമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. മതേതരവാദികളുടെ വോട്ട് കൊണ്ട് ജയിച്ചാല്‍ മതിയെന്ന നിലപാടെടുത്തു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ നിലപാട് സ്വീകരിക്കണം. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ മാറ്റണം. കേരളത്തിലെ വര്‍ഗീയ വിദ്വേഷങ്ങളുടെ കാരണം സര്‍ക്കാരിന്റെ ഈ നിലപാടാണ്’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദേശീയ തലത്തിലും കോണ്‍ഗ്രസിന് മതേതര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് .മതങ്ങളെ തള്ളിപറയുകയല്ല വേണ്ടത്.മറിച്ച് മതങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘

Top