ശരിയത് കോടതി ആഗ്രഹിക്കുന്നവര്‍ക്ക് പാക്കിസ്ഥാനില്‍ പോകാം :സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി : ശരിയത് കോടതി ആഗ്രഹിക്കുന്നവര്‍ക്ക് പാക്കിസ്ഥാനില്‍ പോകാമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി എം പി സാക്ഷി മഹാരാജ്. രാജ്യവ്യാപകമായി ശരിയത് കോടതികള്‍ സ്ഥാപിക്കുമെന്ന മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എം പി.

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ഭരണഘടന വളരെ ശക്തമാണ്. ‘ശരിയത്’ ആവശ്യമുള്ളവര്‍ പാക്കിസ്ഥാനിലേക്ക് പോകണം. ഇന്ത്യയുടെ ഭരണഘടനയനുസരിച്ചാണ് ഭരണകൂടം ഭരിക്കേണ്ടത്, ഏതെങ്കിലും ശരിയത് അനുസരിച്ചല്ല’, മഹാരാജ് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക് രാജ്യത്ത് നിലനില്‍ക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശരിയത് കോടതികള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ബി ജെ പി യും ആര്‍ എസ് എസും രാഷ്ട്രീയം കളിക്കുകയാണെന്നും വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. മതവിദ്യാഭ്യാസത്തിനായി ശരിയത് ബോര്‍ഡ് (ദാറുല്‍ ഖാസ) സ്ഥാപിക്കുമെന്നാണ് പറഞ്ഞത് അല്ലാതെ കോടതിയല്ലെന്ന് ബോര്‍ഡ് പറഞ്ഞു.

രാജ്യത്തെ എല്ലാ ജില്ലകളിലും മുസ്‌ലിം ജനവിഭാഗത്തില്‍പെട്ടവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ശരിയത് കോടതി സ്ഥാപിക്കാന്‍ അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ നേരത്തെ വാര്‍ത്ത പുറത്ത് വിട്ടിരുന്നു.

Top