വികസന തുടർച്ച ആഗ്രഹിക്കുന്നവർ ഇടതുപക്ഷത്തോടൊപ്പം: സച്ചിൻദേവ്

ർക്കാർ കൊണ്ടുവന്ന ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും വികസന തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവ്. ബാലുശേരിയിലെ ഇടത് സ്ഥാനാർത്ഥി കൂടിയായ സച്ചിൻദേവ് എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്..

എന്താണ് സച്ചിന്റെ ബാലുശേരിയിലെ ദൗത്യം?

ഇടതു പക്ഷ ജനാധിപത്യമുന്നണി ഏറ്റെടുത്ത ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകാനുള്ള ജനാധിപത്യ പോരാട്ടത്തിൽ കരുത്തോടെ നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം.

എസ്എഫ്‌ഐയുടെ തന്നെ സംസ്ഥാന പ്രസിഡന്റായുള്ള ആര്യയെ സിപിഎം മേയറാക്കി. ഇപ്പോൾ സച്ചിനെ മത്സരിപ്പിക്കുന്നു. എന്ത് തോന്നുന്നു സിപിഎം നൽകുന്ന ഈ പരിഗണനയിൽ ?

യുവാക്കളെ എല്ലാകാലത്തും പരിഗണിച്ച മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. ആ നിലയിൽ പുതിയ ആശയങ്ങൾ കടന്നു വരണം. പുതിയ പ്രവർത്തനങ്ങൾ ഉണ്ടാകണം. പുതിയ ഇടപെടലുകൾ ഉണ്ടാവണം. ഊർജസ്വലമായി ഇടപെടാൻ യുവാക്കൾക്ക് കഴിയുമെന്ന് ഇടതുപക്ഷത്തിന് അറിയാമെന്നതുകൊണ്ടുതന്നെ അതുതന്നെയാണ് മുന്നണിയ്ക്ക് ലഭിക്കുന്ന പരിഗണനയും.

ഇക്കുറി തെരഞ്ഞെടുപ്പിൽ സച്ചിന്റെ പ്രധാന എതിരാളി സിനിമ താരം ധർമ്മജൻ ബോൾഗാട്ടിയാണ്. എന്ത് തോന്നുന്നു മത്സരം കടുത്തതായിരിക്കുമോ?

ബാലുശേരി ഒരു രാഷ്ട്രീയ മണ്ഡലമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന് ഒപ്പം നിൽക്കാൻ മനസുകാട്ടുന്ന മണ്ഡലം കൂടിയാണിത്. മാത്രമല്ല  ജനക്ഷേമകരമായ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവർത്തനം തന്നെയായിരിക്കും  ബാലുശേരിയിൽ ചർച്ച ചെയ്യപ്പെടുക. നയവും നിലപാടുമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുക. പ്രബുദ്ധരായ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിൽക്കും എന്ന വിശ്വാസമുണ്ട്.

ധർമ്മജനെ പിന്തുണച്ച് സിനിമ താരങ്ങൾ രംഗത്ത് വരുന്നത് വോട്ട് ബാങ്കിനെ ബാധിക്കില്ലേ? പ്രതിസന്ധി സൃഷ്ടിക്കുന്ന ഘടകമല്ലേ അത്?

സ്ഥാനാർത്ഥികൾ പ്രതീകങ്ങൾ മാത്രമാണ്. സ്ഥാനാർത്ഥികൾ ഒരു പ്രധാന ഘടകം എന്നതിലുപരി, ഇടതുപക്ഷം ജനങ്ങൾക്ക് വേണ്ടി എടുത്ത നിലപാടുകളെക്കുറിച്ചാണ് ജനം ചർച്ച ചെയ്യുക. ആ നിലപാടുകളെയാണ് ജനങ്ങൾ സ്വീകരിക്കുക. സ്ഥാനാർത്ഥികൾ ആരായാലും നയത്തിനും നിലപാടിനുമൊപ്പം സ്ഥാനാർത്ഥികൾ നിൽക്കും.

എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ രംഗത്ത് വരുമ്പോൾ കേഡറുകൾ പ്രദേശത്ത് തമ്പടിക്കുന്ന സ്ഥിതിവിശേഷം കാണാറുണ്ട്. ബാലുശേരിയിലെ അത്തരം പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ബാലുശേരിയിൽ സജീവ പ്രവർത്തനമാണ് എസ്എഫ്‌ഐ നടത്തുന്നത്. ആവശ്യമായ നിലയിൽ എസ്എഫ്ഐ സ്വതന്ത്രമായി സംഘടിപ്പിച്ച ക്യാമ്പുകളും ബാലുശേരിയിൽ നടക്കുന്നുണ്ട്.

എന്തിന് വേണ്ടി ഇക്കുറി ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം?

ജനങ്ങൾക്കിടയിലും ജനങ്ങളോടൊപ്പവും നിലയുറപ്പിച്ചവരാണ് ഇടതുപക്ഷം. ജനക്ഷേമകരമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഇടതുപക്ഷത്തിന് ചെയ്യാനായി. വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിൽക്കും.

പൊതു പ്രവർത്തകൻ എന്ന നിലയിൽ പിണറായി സർക്കാറിന്റെ ഒരു പ്രധാന നേട്ടമായി എടുത്തു പറയാൻ ആഗ്രഹിക്കുന്നത് എന്താണ്?

വിദ്യാർത്ഥി എന്ന നിലയിൽ വിദ്യാഭ്യാസ രംഗത്തെ മാറ്റം ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന മാറ്റത്തെ അനുഭവിക്കാൻ കൂടി കഴിഞ്ഞൊരാളാണ് താൻ. വിദ്യാർത്ഥികളിലും യുവജനങ്ങളിലും വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഓരോ മണ്ഡലങ്ങളിലും വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കി മാറ്റിയതും പൊതു വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയതും. അതിലുപരി ആധുനിക കാലത്തിന് അനുയോജ്യമായി വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സ്‌കൂളുകളെ മാറ്റത്തിന്റെ പാതയിലേക്ക് കൊണ്ടുവന്ന എല്ലാവർക്കും വിദ്യാഭ്യാസമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമായതുമെല്ലാം. ഇടതുപക്ഷത്തിന്റെ ചരിത്രത്തിൽ തന്നെ വലിയൊരു മാറ്റമാണിത്.

യുഡിഎഫിന്റെ പ്രത്യേകിച്ച് കോൺഗ്രസിന്റെ നിലവിലെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?

എല്ലാക്കാലവും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ് കോൺഗ്രസുകാർ. അധികാരമില്ലാതെ നിലനിൽപ്പില്ലെന്ന അവസ്ഥയിലേക്ക് കോൺഗ്രസ് മാറി. ഒരു പക്ഷേ ബിജെപിയുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഇടപെടലുകൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. ഇന്ത്യയെ പോലൊരു രാജ്യത്ത് ബിജെപിയുടെ വളർച്ച കോൺഗ്രസിനെ എത്രത്തോളം ബാധിക്കുമെന്നത് അവർ ഗൗരവമായി ചിന്തിക്കേണ്ടതാണ്. ജനങ്ങളോടൊപ്പമല്ലാത്ത നിലയിലേക്ക് കോൺഗ്രസ് മാറുന്നു. പലരും കോൺഗ്രസ് വിട്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതിന് കാരണവും ഇതൊക്കെയാണ്. കോൺഗ്രസ് തീർച്ചയായും വലിയൊരു തിരുത്തലിന് വിധേയമാകേണ്ട സമയമായി ക്കഴിഞ്ഞു. മാത്രമല്ല കോൺഗ്രസ് അണികൾക്കും പ്രവർത്തകർക്കുമുള്ള വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്.

കെഎസ് യുവിന്റെ സംഘടനാപരമായ ദൗർബല്യം കോൺഗ്രസിനെ ബാധിച്ചിട്ടുണ്ടോ?

കേരളത്തിലെ ക്യാപസുകളിൽ വളരെ ദുർബലമായികൊണ്ടിരിക്കുന്ന സംഘടനയാണ് കെ എസ് യു .അത് അവർ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്‌നമാണ്. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാനും അതിൽ ഇടപെടാനും കെഎസ് യു ഒരു കാലത്തും സന്നദ്ധത കാണിച്ചിട്ടില്ല. അതേസമയം, ക്യാംപസിൽ വിദ്യാർത്ഥികൾക്കൊപ്പം നിൽക്കാൻ എസ്എഫ്‌ഐയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കെഎസ് യുവിന്റെ ദൗർബല്യാവസ്ഥ കോൺഗ്രസിന്റെ കെട്ടുറപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.

മുംസ്ലിംലീഗ് വിദ്യാർത്ഥികളെ തഴഞ്ഞിട്ടുണ്ടോ?

വലതുപക്ഷ സംസ്‌കാരത്തിന്റെ ഭാഗമാണ് അധികാരത്തോടുള്ള അടങ്ങാത്ത ആർത്തി. മുസ്ലിംലീഗിനെ സംബന്ധിച്ച് അവർക്ക് ലഭിച്ച സീറ്റുകളിൽ അവരുടെ തന്നെ നേതാക്കന്മാർ ആവർത്തിച്ചു മത്സരിക്കുകയെന്നതാണ് അവർ സ്വീകരിക്കുന്ന നിലപാട്. അതുകൊണ്ടു തന്നെ അർഹരായ പല ആളുകളെയും പരിഗണിക്കുന്നില്ലെന്നതാണ് പൊതുവെയുള്ള അഭിപ്രായം. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥികളോടുള്ള പൊതുവായുള്ള കാഴ്ചപ്പാട് ഇക്കുറി തെരഞ്ഞെടുപ്പിലും കാണാൻ കഴിയുന്നത്.

മറ്റൊരു സംഘടനകൾക്കും ചോദ്യം ചെയ്യാനാവാത്ത വിധം ഉയരത്തിൽ എത്തി നിൽക്കുകയാണ് എസ്എഫ് ഐ. എന്താണ് എസ്എഫ്‌ഐയുടെ ഈ വളർച്ചയ്ക്ക് കാരണം?

സമാനതകളില്ലാത്ത വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ് എസ്എഫ്‌ഐ. വിദ്യാർത്ഥികളാകെ ഹൃദയത്തിലേറ്റുന്ന സംഘടനയായി എസ്എഫ്‌ഐ മാറി കഴിഞ്ഞു. ഇത് എസ്എഫ്‌ഐ ഏറ്റെടുത്ത സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സന്നദ്ധതയുടെയും ഒക്കെ ഭാഗമാണ്. ഇടതുപക്ഷ രാഷ്ട്രീയം ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് കലാലയങ്ങളിലാണ്. എല്ലാ തെറ്റുകൾക്കും എതിരായി പ്രതികരിക്കുന്ന തലമുറയാണ് വിദ്യാർത്ഥികളും യുവാക്കളും. സ്വാഭാവികമായും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങളും എസ്എഫ്‌ഐ നടത്തിയിട്ടുണ്ട്. ആ നിലയിൽ വിദ്യാർത്ഥികൾ എസ്എഫ്‌ഐയെ അംഗീകരിക്കുന്നു. അവർക്കിടയിൽ സ്വാധീനമുണ്ടാക്കുന്നു. വിദ്യാർത്ഥികൾ എസ്എഫ്‌ഐയിൽ അർപ്പിക്കുന്ന വിശ്വാസമാണ് വളർച്ചയ്ക്ക് പിന്നിലെ കാരണം.

എന്താണ് കേരളത്തിൽ എസ്എഫ്‌ഐയ്ക്ക് നേടാൻ ബാക്കിയുള്ളത്?

വിദ്യാർത്ഥികളുടെ എല്ലാ അവകാശങ്ങളും നേടുന്നതുവരെയുള്ള എല്ലാ ഉജ്ജ്വലമായ സമരങ്ങളും എസ്എഫ്‌ഐ ഏറ്റെടുക്കാറുണ്ട്. എല്ലാ മേഖലയിലുള്ള വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് അവരിൽ രാഷ്ട്രീയ ബോധമുണ്ടാക്കാൻ എസ്എഫ്‌ഐ ശ്രമിച്ചുകൊണ്ടേയിരിക്കും.

എങ്ങനെയാണ് കൊവിഡ് കാലം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടാൻ തീരുമാനിച്ചിരിക്കുന്നത്?

പൊതുവേ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വെല്ലുവിളി സൃഷ്ടിച്ച കാലമായിരുന്നു കൊവിഡ് കാലം. എന്നിരുന്നാലും എസ്എഫ്‌ഐ അതിന്റെ പ്രവർത്തന രീതിയിൽ മാറ്റം വരുത്തി. പ്രാദേശിക അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് പ്രദേശങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ക്യാംപസിനുള്ളിലെ രാഷ്ട്രീയ പ്രവർത്തന ശൈലി എന്നതിൽ നിന്ന് താൽക്കാലികമായി മാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ എസ്എഫ്‌ഐയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സംഘടനാപരമായ പ്രശ്‌നങ്ങൾ എസ്എഫ്‌ഐയ്ക്ക് ഉണ്ടായിട്ടില്ലെന്ന് പറയാൻ കഴിയും.

ബാലുശേരി മണ്ഡലത്തിൽ നിന്ന് സച്ചിൻ വിജയിച്ചാൽ വിദ്യാർത്ഥി രാഷ്ട്രീയത്തോട് വിടപറയുമോ?

വിദ്യാർത്ഥിയായിരിക്കുന്നിടത്തോളം വിദ്യാർത്ഥി രാഷ്ട്രീയത്തോടൊപ്പമുണ്ടാകും. അതിലുപരി എസ്എഫ്‌ഐ സംഘടന ഏൽപ്പിച്ച ഉത്തരവാദിതത്തിൽ നിന്നുള്ള മാറ്റം എസ്എഫ്‌ഐ തീരുമാനിക്കും.

അഭിമുഖം തയ്യാറാക്കിയത്
മനീഷ രാധാകൃഷ്ണൻ

Top