ക്വാറന്റൈന്‍ ലംഘിച്ച് ഓടിപ്പോവുന്നവരെ വെടിവയ്ക്കാം; നിര്‍ദേശം നല്‍കി നേപ്പാള്‍

നേപ്പാള്‍ : ക്വാറന്റൈന്‍ ലംഘിച്ച് ഓടിപ്പോവുന്ന കൊവിഡ് ബാധിതര്‍ക്ക് നേരെ വെടിവയ്ക്കാന്‍ അനുമതി നല്‍കി പാര്‍സ ജില്ലാ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. പാര്‍സ ജില്ലാ ഓഫീസര്‍ ബിഷ്ണു കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കൊവിഡ് 19 ബാധിതരെ നിയന്ത്രിക്കാന്‍ ബലം പ്രയോഗിക്കാനും ആവശ്യമെന്ന് കണ്ടാല്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്ന് മുങ്ങുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കാമെന്നും ജില്ലാ ഓഫീസര്‍ വിശദമാക്കി. കൊവിഡ് 19 പോസിറ്റീവായ രണ്ട് പേര്‍ ബുധനാഴ്ച ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മുങ്ങിയതോടെയാണ് കൂടുതല്‍ കര്‍ശന നടപടികളിലേക്ക് അധികൃതര്‍ കടക്കുന്നത്.

ഐസൊലേഷന്‍ വാര്‍ഡിലെ കുളിമുറിയിലൂടെയാണ് ബുധനാഴ്ച രണ്ട് പേര്‍ ചാടിപ്പോയത്. ബീര്‍ഗഞ്ചിലെ നാരായണി ആശുപത്രിയിലെ വെന്റിലേഷനിലൂടെ രക്ഷപ്പെട്ട ഇവരെ പൊലീസ് പിടികൂടി തിരികെ ആശുപത്രിയിലെത്തിച്ചിരുന്നു. കൂടുതല്‍ ഐസൊലേഷന്‍ ബെഡുകള്‍ തയ്യാറാക്കാനായി നാരായണി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് ജില്ലാ അധികൃതര്‍.

പാര്‍സയില്‍ കൊവിഡ് 19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ഫ്യൂ കൂടുതല്‍ ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയതായി ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈനില്‍ പോകാന്‍ സ്വയം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Top