സർക്കാരിനെ കുരുക്കാൻ ശ്രമിച്ചവർ ഇപ്പോൾ കോവിഡ് ഭീതിയിൽ വിറച്ചു

ര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ ആദ്യം ‘കയ്ക്കും’ പിന്നെയാണ് മധുരിക്കുക.

ഇക്കാര്യമിപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും മനസ്സിലായി കാണും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാനാണ് വാളയാറില്‍ കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ ശ്രമിച്ചിരിക്കുന്നത്. അതെന്തായാലും വ്യക്തമായി കഴിഞ്ഞു.

പാസ് വേണം അതിര്‍ത്തി കടന്നു വരാന്‍ എന്ന്, കേരള സര്‍ക്കാര്‍ പറഞ്ഞത് രോഗ വ്യാപനം തടയാനും, ഫലപ്രദമായി ക്വാറന്റെന്‍ നടപ്പാക്കാനുമാണ്.

ഇത് മനസ്സിലാക്കാതെയാണ് അതിര്‍ത്തിയില്‍ പോയി കോണ്‍ഗ്രസ്സ് നേതാക്കള്‍ ബഹളമുണ്ടാക്കിയത്. അവിടെ പാസില്ലാതെ തടയപ്പെട്ടവരെ സംഘടിപ്പിച്ചായിരുന്നു റോഡ് ഷോ. കോവിഡിലും രാഷ്ട്രിയ വിളവെടുപ്പ് മാത്രം ലക്ഷ്യമിട്ട് നടത്തിയ പ്രതിഷേധമായിരുന്നു അത്. ഇവരോടൊപ്പം പ്രതിഷേധ കൊടിയുയര്‍ത്തിയ ഒരു മറുനാടന്‍ മലയാളിക്കാണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.

പരിശോധനയില്‍, മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മെയ് എട്ടിന് ചെന്നൈയില്‍നിന്ന് യാത്ര തിരിച്ച ഇയാള്‍, 9ന് രാവിലെ വാളയാര്‍ അതിര്‍ത്തിയിലെത്തുകയായിരുന്നു. ഇദ്ദേഹം അടക്കം പത്തംഗസംഘം കേരള പാസില്ലാതെയാണ് വന്നിരുന്നത്. ഇവരെ ഉള്‍പ്പെടെ അതിര്‍ത്തി കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ മെയ് 9ന് വാളയാറില്‍ ‘സമരനാടകം’ നടത്തിയിരുന്നത്.

അന്ന് വൈകിട്ടോടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും, വൈറസ് ബാധിതന്‍ പങ്കെടുത്തിരുന്നു. ഇയാള്‍ക്കൊപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും ഇപ്പോള്‍ രോഗ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത, കോണ്‍ഗ്രസ്സ് നേതാക്കളും ക്വാറന്റെന്‍ ചെയ്യപ്പെടേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കരെ എന്നിവരാണ് വെട്ടിലായ ജനപ്രതിനിധികള്‍.

ഇവര്‍ മാത്രമല്ല, ഇവരുമായി ഇടപെട്ട സകലരും ഇനി ക്വാറന്റീനില്‍ പോകേണ്ടി വരും.

സമരത്തില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്, മാധ്യമ പ്രവര്‍ത്തകരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വാളയാറിലെ പ്രതിഷേധത്തിന് എരിവ് പകരാനെത്തിയ ഇവരും, ജനപ്രതിനിധികള്‍ക്കൊപ്പം ക്വാറന്റൈനില്‍ പോകേണ്ടി വരും.

പാസില്ലാതെ പ്രതിഷേധിച്ച മറ്റു നിരവധി പേരുമായും കോവിഡ് രോഗി അടുത്തിടപഴുകിയിട്ടുണ്ട്. ഇവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ആരോഗ്യ വകുപ്പ്.

കോവിഡ് കാലത്ത് ആള്‍ക്കൂട്ടം വേണ്ടെന്ന് പറയുന്നത് ദ്രോഹിക്കാനല്ല, രക്ഷിക്കാനാണ് എന്ന ബോധമാണ്, ആദ്യം ജനപ്രതിനിധികള്‍ക്ക് ഉണ്ടാകേണ്ടിയിരുന്നത്.

ഉത്തരവാദിത്വപ്പെട്ട നിങ്ങള്‍ തന്നെ നിയമം ലംഘിച്ചാല്‍ മറ്റുള്ളവരും അതേ പാത പിന്‍തുടരും. കേരളത്തിലും സമൂഹ വ്യാപനത്തിലേക്കാണ് അത്തരമൊരു അവസ്ഥ സൃഷ്ടിക്കുക. ഇക്കാര്യങ്ങള്‍, വാര്‍ത്ത നല്‍കാന്‍ മത്സരിച്ച മാധ്യമങ്ങളും ഓര്‍ക്കാതെ പോയി. ചാനല്‍ മൈക്കുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ‘ഖദര്‍’ ഒരിക്കലും, അതിര്‍ത്തിയില്‍ രാഷ്ട്രീയം കളിക്കില്ലായിരുന്നു.

രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണോടെ വൈറസിനെ കണ്ടാല്‍, അത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് നാട്ടിലുണ്ടാക്കുക.

ചാനലുകള്‍ക്ക് മുന്‍പില്‍ ഷോ കാണിക്കാനാണ്, വാളയാറില്‍ കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ എത്തിയത്. ഇതു മൂലം കോവിഡ് പടര്‍ന്നാല്‍, അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും, ചെന്നിത്തലയ്ക്കും ഇനി ഒഴിഞ്ഞു മാറാന്‍ കഴിയുകയില്ല.

സാമാന്യ ബുദ്ധിയുള്ളവര്‍ ചെയ്യുന്ന പ്രവര്‍ത്തിയല്ല കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ വാളയാറില്‍ ചെയ്തിരിക്കുന്നത്. അതിന്റെ പരിണിത ഫലം കൂടിയാണ് ഇപ്പോഴത്തെ ആശങ്ക.

പാസില്ലാതെ അതിര്‍ത്തി കടക്കുന്നവര്‍, എവിടെ നിന്ന് വരുന്നവരാണ് എന്നു പോലും തിരിച്ചറിയാന്‍ കഴിയുകയില്ല. വൈറസ് പിടിയിലാണ് തമിഴകത്തെ മിക്ക പ്രദേശങ്ങളുമുള്ളത്. ഹോട്ട് സ്‌പോട്ടുകളും ഈ സംസ്ഥാനത്ത് വളരെ കൂടുതലാണ്. ഈ അവസ്ഥയില്‍ കേരളം ജാഗ്രത പാലിച്ചില്ലങ്കില്‍ ഇവിടുത്തെ ജനങ്ങളാണ് വലിയ വില നല്‍കേണ്ടി വരിക. പാസ് ലഭിച്ചതിന് ശേഷം മാത്രം പുറപ്പെട്ടാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഒരു മുന്‍ കരുതലാണ്. അതിര്‍ത്തിയില്‍ കാത്ത് നില്‍ക്കേണ്ട സാഹചര്യവും ഇതോടെ ഒഴിവാകും. ഈ നിര്‍ദ്ദേശമാണ് ഒരു വിഭാഗം കാറ്റില്‍ പറത്തിയിരിക്കുന്നത്. മലയാളികളാണ് എന്നു കരുതി, ആരെയും പാസില്ലാതെ പ്രവേശിപ്പിക്കാന്‍ കഴിയുകയില്ല. വരുന്നവരുടെ ബന്ധുക്കളുടെ കൂടി സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. അതാണ് ബഹളമുണ്ടാക്കുന്നവരും ഓര്‍ക്കേണ്ടിയിരുന്നത്.

വൈറസിനെയല്ല, തിരഞ്ഞെടുപ്പുകളെയാണ് കോണ്‍ഗ്രസ്സ് യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത്. കേരളത്തില്‍, തദ്ദേശ തിരഞ്ഞെടുപ്പും അതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക തയ്യാറായി കഴിഞ്ഞിട്ടുണ്ട്.അടച്ചുപൂട്ടല്‍ പിന്‍വലിച്ചാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. കോവിഡ് സാഹചര്യത്തില്‍, വിജ്ഞാപനസമയത്ത് ഒറ്റഘട്ടമായി കൂടുതല്‍ സമയം നല്‍കി, പട്ടിക പുതുക്കല്‍ പൂര്‍ത്തീകരിക്കാനാണ് നിലവില്‍ ആലോചിക്കുന്നത്.

തെരഞ്ഞെടുപ്പിനുള്ള റിട്ടേണിങ് ഓഫീസര്‍മാരുടെ പട്ടിക ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍മാരോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം ആഗ്രഹിക്കാത്ത നടപടിയാണിത്. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തദ്ദേശ തെരഞ്ഞടുപ്പ് മതിയെന്ന ആഗ്രഹമാണ് അവരെ നയിക്കുന്നത്.

പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ മിടുക്കാണ്, യുഡിഎഫ് നേതാക്കളെ ശരിക്കും അസ്വസ്ഥപ്പെടുത്തുന്നത്.

പ്രളയത്തിലും നിപ്പയിലും അതിജീവിച്ച ചരിത്രം കോവിഡിലും ആവര്‍ത്തിക്കുന്നതിലാണ് ആശങ്ക. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ഇടതുപക്ഷ ഭരണത്തെ അഭിനന്ദിച്ചത് 35 രാജ്യാന്തര മാധ്യമങ്ങളാണ്. ഇവയില്‍ മിക്കതും കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെന്നതും ഓര്‍ക്കണം. ഇതോടെ രാജ്യത്തെ മറ്റ് മാധ്യമങ്ങളും കേരള മാതൃകയെ അഭിനന്ദിക്കാന്‍ നിര്‍ബന്ധിതരായി. മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തിന് കിട്ടിയ പ്രേക്ഷക പിന്തുണയും ചരിത്രമാണ്.

ഇതെല്ലാം വോട്ടായി മാറിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വാഷ് ഔട്ടായി പോകുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഭയക്കുന്നത്.

പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഒരു വലിയ പരാജയമാണ്. പിണറായിക്ക് ബദല്‍ ചെന്നിത്തല എന്ന് പറയാന്‍ പോലും യുഡിഎഫിന് കഴിയുന്നില്ല. അത്രയ്ക്കും ദയനീയമാണ് അദ്ദേഹത്തിന്റെയും പ്രകടനം.

ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയാണ് യു.ഡി.എഫ് ഭയക്കുന്നത്. ഇതു മറികടക്കാന്‍ സര്‍ക്കാറിന്റെ ഇമേജ് തകര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിനായി കിട്ടുന്ന അവസരങ്ങളെല്ലാം അവര്‍ ഉപയോഗപ്പെടുത്തുകയാണ്. വാളയാറില്‍ സംഭവിച്ചതും അതു തന്നെയാണ്. ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം പ്രതിഷേധം സംഘടിപ്പിച്ചവരാണ്, ഇവിടെയും വെട്ടിലായിരിക്കുന്നത്. രാഷ്ട്രീയ കളി വൈറസിനോടായാല്‍ വിവരമറിയുമെന്ന സന്ദേശം കൂടിയാണിത്.


Express View

Top