‘വരുമെന്ന് പറഞ്ഞകൂട്ടര്‍ വന്നില്ല, വരാത്തതില്‍ പരിഭവമില്ല’; പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം

കോഴിക്കോട്: സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പേരെടുത്തു പറയാതെ വിമര്‍ശിച്ച് മുഖ്യമന്ത്രി. തങ്ങളെ ക്ഷണിച്ചാല്‍ വരാമെന്ന് ഒരു കൂട്ടര്‍ പറഞ്ഞെന്നും ക്ഷണിച്ചെങ്കിലും അവര്‍ വന്നില്ലെന്നും പറഞ്ഞാണ് പരോക്ഷമായി മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. കോണ്‍ഗ്രസിനെയും പേരെടുത്ത് പറയാതെ വിമര്‍ശിക്കുകയുണ്ടായി. രാജ്യത്ത് വലിയ സ്വാധീനമുണ്ടെന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വരം കേരളത്തില്‍ തന്നെ വ്യത്യസ്തമായി കേള്‍ക്കുന്നു. തെറ്റായ രീതി രാജ്യത്ത് ചിലര്‍ സ്വീകരിക്കുന്നുണ്ട്. അത് രാജ്യത്തിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സി.പി.എമ്മിന്റെ നേതൃത്വത്തിലാണ് ഈ റാലി നടക്കുന്നതെങ്കിലും സി.പി.എമ്മുകാര്‍ മാത്രമല്ല ഇതില്‍ പങ്കെടുക്കുന്നത്. മനുഷ്യത്വത്തിനു വേണ്ടിയുള്ള നിലവിളി തങ്ങളില്‍ നിന്ന് മാത്രമേ ഉണ്ടാകാവൂ എന്ന നിര്‍ബന്ധമൊന്നും സി.പി.എമ്മിനില്ല. ആ നിലവിളികള്‍ക്ക് രാഷ്ട്രീയമായ വേര്‍തിരിവുകളില്ല. ഈ മനോഭാവത്തോടെയാണ് റാലിയിലേക്കുള്ള ക്ഷണം ഞങ്ങള്‍ നടത്തിയത്’.

‘അപ്പൊ ഒരുകൂട്ടര്‍ പറഞ്ഞു, ഞങ്ങളെ കൂടി ക്ഷണിച്ചാല്‍ ഞങ്ങളും വരുമെന്ന്. സമൂഹം ചിലപ്പൊ ചോദിക്കും, നിങ്ങളെന്താ അവരെ ക്ഷണിക്കാഞ്ഞതെന്ന്. ആ ചോദ്യം വേണ്ടാ എന്നുള്ളതുകൊണ്ട് അവര്‍ക്കുനേരെയും ക്ഷണം നീട്ടി. ഞങ്ങള്‍ക്കറിയാമായിരുന്നു എന്താ സംഭവിക്കുകയെന്ന്. അതുതന്നെ സംഭവിച്ചു. അതില്‍ പരിഭവമൊന്നും പറയുകയല്ല, എന്താ ഉണ്ടായതെന്ന് സൂചിപ്പിച്ചെന്ന് മാത്രം’, മുസ്ലിം ലീഗിനെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചതിനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

‘രാജ്യത്ത് പലയിടങ്ങളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തിയത് ഇടതുപക്ഷമാണ്. ആര്‍ക്കൊപ്പം എന്ന ചോദ്യത്തിനുമുന്നില്‍ ഒരുനിമിഷം പോലും ആലോചിക്കാന്‍ നില്‍ക്കാതെ രാജ്യത്തെ ഇടതുപക്ഷം പലസ്തീനൊപ്പമാണെന്ന മറുപടി പറഞ്ഞിട്ടുണ്ട്. നിശ്ചയദാര്‍ഢ്യമുള്ള ആ നിലപാടിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനംകൂടിയാണ് ഈ റാലി. ഇത്തരത്തില്‍ അഭിപ്രായം ഉറപ്പിച്ച് പറയാന്‍ തയ്യാറാകാത്ത ചിലരുണ്ടെന്ന് നമുക്കറിയാം. ഞാനാരുടെയും പേരെടുത്ത് പറയുന്നില്ല. അത് ബോധപൂര്‍വ്വമാണ്. പക്ഷേ, എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും അറിയാം’, പിണറായി വിജയന്‍ പറഞ്ഞു.

ഇസ്രയേലിനെതിരായ ഇന്ത്യയുടെ നിലപാടില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വെള്ളം ചേര്‍ക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത് പൂര്‍ണ്ണതയിലെത്തിയത് നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. ഒരു രാജ്യമെന്ന വീണ്ടുവിചാരത്തിന്റെ ഭാഗമായോ കഴിഞ്ഞകാലത്തെ നയം തെറ്റായതിന്റെ ഭാഗമായോ അല്ല ഇസ്രയേലിനെ ഇന്ത്യ അംഗീകരിച്ചത്. അതിനുപിന്നില്‍ അമേരിക്കയോടുള്ള ചങ്ങാത്തമായിരുന്നുവെന്നും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് നമ്മള്‍ കീഴ്പ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top