ആഹ്ലാദിക്കുന്നവർ കരയേണ്ടി വരും, ലേറ്റായാലും ലേറ്റസ്റ്റായി നിയമം വരും !

വിവാദങ്ങൾക്ക് വിരാമമിട്ട്, പുതിയ പോലീസ് നിയമ ഭേദഗതി, തൽക്കാലം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്..ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍  നടത്തിയ ശേഷം, ഇക്കാര്യത്തില്‍  തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.പൊതുസമൂഹത്തിൽ ഉയർന്ന ചെറിയ ആശങ്കകൾക്ക് പോലും, വലിയ പരിഗണന നൽകുന്ന നിലപാടാണിത്. ഇക്കാര്യത്തിൽ, സി.പി.എം കേന്ദ്ര നേത്യത്വവും മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

വിമർശനങ്ങൾക്കൊപ്പം, സ്വയം വിമർശനവും നടത്തുന്ന, ഈ കമ്യൂണിസ്റ്റ് രീതി അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്. പുതിയ പൊലീസ് നിയമഭേദഗതി പിൻവലിക്കേണ്ടി വന്നത്, പിണറായിക്കേറ്റ പ്രഹരമായി വാഴ്ത്തുന്നവർ, ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ് നടത്തി കൊണ്ടിരിക്കുന്നത്. “പിണറായിയിൽ നിന്നും സി.പി.എം ഭരണം തിരിച്ചു പിടിക്കുമ്പോൾ” എന്ന തലക്കെട്ടോടെയാണ്, മാതൃഭൂമിയിലെ ‘വഴിപോക്കനും’ ലേഖനമെഴുതിയിരിക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസാണ് കേരളത്തിൽ സി.പി.എമ്മിനെ നയിച്ചതെങ്കിൽ, ‘കളവും കളിയും’ മാറുകയാണെന്നാണ് ഈ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്. സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും രണ്ടായി വേർതിരിച്ചുള്ള വിലയിരുത്തലാണ്, ഇതിനു സമാനമായി മറ്റ് കുത്തക മാധ്യമങ്ങളും പടച്ചുവിടുന്നത്.എന്താണ് കമ്യൂണിസ്റ്റ് പാർട്ടി, അതിൻ്റെ സംഘടനാ രീതി എങ്ങനെയാണ് ,എന്നൊക്കെ അറിയാമായിരുന്നിട്ടും, അത് മറച്ചു വച്ചാണ് ഇത്തരം കുപ്രചരണങ്ങൾ ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്നത്.

കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് വ്യക്തിയല്ല, പാർട്ടിയാണ് വലുത്. പിണറായിയെ മുഖ്യമന്ത്രിയാക്കിയതും, സീതാറാം യെച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കിയതും പാർട്ടിയാണ്. ‘ആ’ പാർട്ടി ഒരു തിരുത്ത് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി എന്നല്ല, സാക്ഷാൽ യെച്ചൂരിയും തിരുത്തേണ്ടി വരും. കൂട്ടായ ചർച്ചകളിലൂടെ പിണറായി ഉൾപ്പെടെയുള്ള പി.ബി അംഗങ്ങൾക്ക് ബോധ്യമായ നിലപാടാണ് പിണറായി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. അതല്ലാതെ, കുത്തക മാധ്യമങ്ങളെ പേടിച്ചിട്ടൊന്നുമല്ല. ഇക്കാര്യം, ഓർക്കുന്നത് നല്ലതാണ്.സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ്​ നിയമ ഭേദഗതി പിൻവലിച്ചതിൽ, സന്തോഷം പ്രകടിപ്പിച്ച്​, സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ പ്രകടിപ്പിച്ച അഭിപ്രായ പ്രകടനവും, ഈ ഘട്ടത്തിൽ ഏറെ പ്രസക്തമാണ്. ഇത്തരത്തിലൊരു വാർത്ത കേട്ടതിൽ സന്തോഷമുണ്ടെന്നും, സ്വതന്ത്ര്യ പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാർ, ഇപ്പോഴും ഉണ്ടെന്ന്​ അറിയുന്നതിൽ, ചാരിതാർത്ഥ്യമുണ്ടെന്നുമാണ്, പ്രശാന്ത്​ ഭൂഷൺ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഇത് തന്നെയാണ്, പിണറായിയെ കുറ്റപ്പെടുത്തുന്നവർക്കുള്ള ശരിയായ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയൻ, പൊലീസ്​ നിയമ ഭേദഗതി പിൻവലിച്ചുവെന്ന, ഇന്ത്യാ ടുഡേ കൺസൾട്ടിംങ്ങ് എഡിറ്റർ, രജ്ദീപ്​ സർദേശായിയുടെ ട്വീറ്റ്​ പങ്കുവെച്ചാണ്​, പ്രശാന്ത്​ ഭൂഷ​ൻ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. കോൺഗ്രസ്സും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളും, ഇടതുപക്ഷ കേരളവും തമ്മിലുള്ള ഒരു താരതമ്യം കൂടി ഈ അഭിപ്രായ പ്രകടനത്തിൽ വ്യക്തമാണ്. അതേസമയം, പൊലീസ് നിയമഭേദഗതി സംബന്ധിച്ച്, നിയമസഭയിൽ വിശദമായ ചർച്ച നടത്തിയ ശേഷം, തുടർ നടപടികൾ സ്വീകരിക്കാനുള്ള സർക്കാർ തീരുമാനം സൈബർ ക്രിമിനലുകൾക്ക് തിരിച്ചടിയാണ്. ലേറ്റായാലും ലേറ്റസ്റ്റായി തന്നെ നിയമം കൊണ്ടു വരുമെന്ന് വ്യക്തം.പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും, ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ , സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്‌പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ്, കേരള പോലീസ് നിയമത്തില്‍,  ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നും, വിശദീകരണ കുറുപ്പിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അപകീര്‍ത്തികരവും അസത്യജഡിലവും, അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ, സമൂഹത്തിന്‍റെ വിവിധ കോണുകളില്‍  നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ, നിര്‍ദാക്ഷിണ്യം ആക്രമിക്കപ്പെടുന്നത്, വലിയപ്രതിഷേധമാണ് സമൂഹത്തില്‍  ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും, ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ, നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന്,മാധ്യമ മേധാവികള്‍ ഉള്‍പ്പെടെയാണ് ആവശ്യം ഉന്നയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി  വരുത്തണമെന്ന് ആലോചിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ,ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍  നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്നും, ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും, ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും ഉൾപ്പെടെ, ആശങ്ക പ്രകടപ്പിച്ച കാര്യവും, മുഖ്യമന്ത്രി എടുത്ത് പറയുകയുണ്ടായി. ഈ സാഹചര്യത്തിലാണ്,   നിയമഭേദഗതി തൽക്കാലം നടപ്പാക്കേണ്ടന്ന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.നിയമസഭയിൽ ചർച്ച ചെയ്ത്, മാറ്റങ്ങൾ വരുത്തിയ ശേഷം, നിയമം നടപ്പാക്കുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.പൊലീസ് നിയമ ഭേദഗതി വരില്ലന്ന് കണ്ട്, ഒരു സൈബർ ക്രിമിനലും അഹങ്കരിക്കേണ്ടതില്ലന്ന് വ്യക്തം.

Top