സ്വരം കടുപ്പിച്ച് സിപിഎം ; തദ്ദേശ സ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ ജയിച്ചവര്‍ രാജിവയ്‌ക്കണമെന്ന്

തിരുവനന്തപുരം : എസ്ഡിപിഐ പിന്തുണയോടെ സംസ്ഥാനത്ത് ആരെങ്കിലും എവിടെയെങ്കിലും അധികാരത്തിലുണ്ടെങ്കില്‍ രാജിവയ്ക്കാന്‍ നിര്‍ദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ മഹാരാജാസ് കോളേജ് ക്യാമ്പസിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത് എസ്ഡിപിഐ ആണെന്ന് വ്യക്തമായതോടെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണ് സിപിഎം.

വ്യാഴാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സിപിഎം ഭരണം കയ്യാളുന്നതെന്ന ആക്ഷേപം ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുടെ പിന്തുണ സിപിഎമ്മിനുണ്ടെന്ന ആരോപണം സെക്രട്ടേറിയറ്റ് തള്ളിക്കളഞ്ഞു.

എന്നാല്‍ സിപിഎമ്മിന്റെ പോഷക സംഘടനകളിലും പാര്‍ട്ടിയില്‍ തന്നെയും എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര് നുഴഞ്ഞുകയറുന്നതായും പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചര്‍ച്ചയായതിന് പിന്നാലെയാണ് എസ്ഡിപിഐയുമായുള്ള എല്ലാ നീക്കുപോക്കും സിപിഎം ഉപേക്ഷിക്കുന്നത്.

എസ്ഡിപിഐയുടെ പിന്തുണ സിപിഎമ്മിനുണ്ടെന്ന പ്രചാരണം അഭിമന്യു കേസില്‍ പുകമറ സൃഷ്ടിക്കാനാണെന്നും സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.

Top