കര്‍ണാടകയിലേക്ക് ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശിക്കാം

സുല്‍ത്താന്‍ബത്തേരി: ഇനി മുതല്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പോകുന്നവരില്‍ ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ അതിര്‍ത്തി കടത്തിവിടും.

ദിവസങ്ങള്‍ക്ക് മുമ്പ് വരെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമായിരുന്നു. കഴിഞ്ഞ ആഴ്ച ഇങ്ങനെ ഒരു ഉത്തരവ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തിറക്കിയിരുന്നുവെങ്കിലും പിന്നീട് രാത്രി വൈകി ഈ ഉത്തരവ് പിന്‍വലിച്ചു

അന്ന് തന്നെ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി പ്രത്യേക ഉത്തരവ് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍. മഞ്ജുനാഥ പ്രസാദ് പുറത്തിറക്കുകയായിരുന്നു.

അതേസമയം വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും അതിര്‍ത്തി കടക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനാണ് ആദ്യം ഒരു ഡോസ് വാക്സിന്‍ എടുത്താല്‍ മതിയെന്ന നിര്‍ദ്ദേശമുണ്ടായിരുന്നത്. ഇത് കേരളത്തിനും ബാധകമാക്കുകയായിരുന്നു. വിമാനം, ബസ്, ട്രെയിന്‍, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് പുതിയ ഉത്തരവ് ബാധകമായിരിക്കും.

Top