ആത്മാഭിമാനം നഷ്ടപ്പെട്ടവരാണ് ഇന്ന് ലോകയുക്തയിലുള്ളത്; വിമര്‍ശിച്ച് കെ സുധാകരന്‍ എംപി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും ലോകായുക്തയെയും വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ നല്കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും മറ്റും വിനിയോഗിക്കണം. ഭാവി കേരളത്തോട് പിണറായി ചെയ്ത ഈ കൊടുംക്രൂരതയെക്കുറിച്ചാണ് ലോകായുക്ത ദിനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും സുധാകരന്‍.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1,264 കേസുകളാണ് ലോകായുക്ത കൈകാര്യം ചെയ്തിരുന്നതെങ്കില്‍ 2023 ല്‍ വെറും 197 ഹര്‍ജികള്‍ മാത്രമാണ് പരിഗണിക്കുന്നത്. ലോകായുക്തയും ഉപലോകായുക്തയും വാര്‍ഷിക ശമ്പളമായി 56 ലക്ഷത്തോളം രൂപ കൈപ്പറ്റുകയും നാലുകോടിയോളം രൂപ ഓഫീസ് ചെലവിനായി വിനിയോഗിക്കുകയും ചെയ്യുന്ന ഈ സംവിധാനത്തെ കേരളം തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്ന് ജനം തീരുമാനിക്കണം. ആത്മാഭിമാനം നഷ്ടപ്പെട്ടവരാണ് ഇന്ന് ലോകയുക്തയിലുള്ളത്. ലോകായുക്ത നിര്‍ജീവമായതോടെ പിണറായിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിഞ്ഞാടുകയാണെന്നും സുധാകരന്‍ പറഞ്ഞു.

പെന്‍ഷനും ശമ്പളവും നല്‍കാനാവാതെ ഏതുനിമിഷവും താഴുവീഴാവുന്ന ദുരവസ്ഥയില്‍ കണ്ണീരും കയ്യുമായി കെഎസ്ആര്‍ടിസിയും ജീവനക്കാരും നില്‍ക്കുമ്പോഴാണ് നവകേരള സദസ്സിന്റെ പേരില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടമായി സഞ്ചരിക്കാന്‍ ഒരു കോടിരൂപയുടെ ബസ്സ് വാങ്ങാന്‍ പണം അനുവദിച്ചത്. പണം കിട്ടാത്തതുമൂലം സപ്ലൈക്കോയ്ക്ക് കര്‍ഷകര്‍ നെല്ലുപോലും കൊടുക്കാത്ത ദാരുണമായ അവസ്ഥയാണ്. പൊളിഞ്ഞു പാളീസായ കെഎസ്ആര്‍ടിസിയുടെ ബജറ്റില്‍നിന്നാണ് ബസ് വാങ്ങുന്നതെന്നു ന്യായീകരിച്ച വകുപ്പ് മന്ത്രിയെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുന്ന നാള്‍ വിദൂരമല്ലെന്നും സുധാകരന്‍ പറഞ്ഞു.

Top