‘Those Who Harmed Us Will Feel The Pain’: Manohar Parrikar On Pathankot Attack

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം ശക്തമായ പ്രതികരണവുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍. ഇന്ത്യയെ വേദനിപ്പിയ്ക്കുന്നവര്‍ വേദന എന്താണെന്ന് അറിയുമെന്ന് പത്താന്‍കോട്ട് ആക്രമണം സൂചിപ്പിച്ച് പരീഖര്‍ പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ 68ാമത് കരസേന ദിനത്തില്‍ സെമിനാറില്‍ സംസാരിയ്ക്കുകയായിരുന്നു മനോഹര്‍ പരീഖര്‍. സമയവും സ്ഥലവും തീരുമാനിയ്ക്കുന്നത് നമ്മളായിരിയ്ക്കും.

നമ്മളെ വേദനിപ്പിയ്ക്കുന്നവര്‍ എത് വ്യക്തികളായാലും സംഘടനകളായാലും ശരി അവര്‍ അതേ വേദന അറിയണമെന്നും പരീഖര്‍ പറഞ്ഞു.
വേദന അറിയാത്തവരാണ് മറ്റുള്ളവരെ വേദനിപ്പിയ്ക്കുന്നത് ആസ്വദിയ്ക്കുന്നതെന്നും അതാണ് ചരിത്രം പറയുന്നതെന്നും പരീഖര്‍ അഭിപ്രായപ്പെട്ടു.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഭീകര സംഘടന ജയ്ഷ് ഇ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ് ഇന്ത്യയെ പരിഹസിച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു.

ഇസ്ലാമബാദില്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുമായി പരീഖര്‍ രംഗത്ത് വന്നിരിയ്ക്കുന്നത്.

പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നല്‍കിയ വിവരങ്ങള്‍ അന്വേഷിയ്ക്കാനുള്ള പാകിസ്ഥാന്റെ നടപടികള്‍ക്ക് അനുസരിച്ചായിരിയ്ക്കും തുടര്‍ചര്‍ച്ചകളെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിരുന്നു. കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Top