വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തവര്‍ക്ക് ജപ്തി; ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി

Thomas-Issac

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തവര്‍ക്ക് ജപ്തി നോട്ടീസ് അയക്കുന്ന ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു.

വായ്പാ തിരിച്ചടവ് സഹായ പദ്ധതിയില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനു നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തിരിച്ചടവ് സഹായ പദ്ധതി വകവെക്കാതെ ബാങ്കുകള്‍ ജപ്തി നടപടിയുമായി രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ മാത്രം നൂറുകണക്കിന് പേര്‍ക്കാണ് റവന്യൂ വകുപ്പ് ഇതിനോടകം ജപ്തി നോട്ടീസ് അയച്ചത്.

തിരിച്ചടവ് മുടങ്ങിയ ഒമ്പത് ലക്ഷം രൂപ വരെയുളള വിദ്യാഭ്യാസ വായ്പകളില്‍ നാല്‍പത് ശതമാനം മുന്‍കൂറായി അടക്കുന്നവരുടെ വായ്പാ തുകയുടെ ബാക്കി സര്‍ക്കാര്‍ അടക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഇതിനായി 900 കോടി രൂപ നീക്കി വെച്ചതായും പ്രഖ്യാപനമുണ്ടായിരുന്നു.

ഇതിനുളള അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചു തുടങ്ങിയത്.

Top