‘നവകേരള സദസ്സില്‍ എത്തിയില്ലെങ്കില്‍ തൊഴിലുറപ്പില്‍ ഇല്ല’; പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ശബ്ദ സന്ദേശം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിലും അതിന്റെ സംഘാടക സമിതി യോഗത്തിലും പങ്കെടുക്കാത്തവരെ തൊഴിലുറപ്പു മസ്റ്റര്‍ റോളില്‍ ഉള്‍പ്പെടുത്തില്ലെന്നു കുടുംബശ്രീ ഗ്രൂപ്പില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ശബ്ദ സന്ദേശം. കോഴിക്കോട് ഉള്ളിയേരി പഞ്ചായത്തില്‍ നാലാം വാര്‍ഡിലെ കുടുംബശ്രീ എഡിഎസ് വാട്‌സാപ് ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്. വാര്‍ഡ് മെംബര്‍ കൂടിയായ വൈസ് പ്രസിഡന്റ് എന്‍.എം.ബാലരാമന്‍ ആണ് ശബ്ദസന്ദേശം അയച്ചത്.

കേരളത്തെ സംരക്ഷിക്കാനുള്ളതാണു നവകേരള സദസ്സ് എന്നും, എഡിഎസ് ജനറല്‍ ബോഡി അംഗങ്ങള്‍ സദസ്സിന്റെ ഭാഗമാകണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. നവകേരള സദസ്സിലെയും പരിപാടിയുടെ പ്രചാരണത്തിലെയും ഹാജര്‍ നോക്കിയാണു തൊഴിലുറപ്പു പദ്ധതിയുടെ മസ്റ്റര്‍ റോള്‍ അടിക്കുക എന്നും വാട്‌സാപ് സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍, പരിപാടിയുടെ പ്രാധാന്യം എല്ലാവരെയും അറിയിക്കാനാണു ശബ്ദസന്ദേശം അയച്ചതെന്നും, അത് ഭീഷണിയല്ലെന്നും എന്‍.എം.ബാലരാമന്‍ അഭിപ്രായപ്പെട്ടു. പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top