മലപ്പുറത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നവർ ലാലിന്റെ ഈ “കഥയും” ഓർക്കണം ! !

പാലക്കാട്ട് പിടഞ്ഞ് വീണ ആന, ഇന്ന് ഈ രാജ്യത്തിന്റെ നൊമ്പരമാണ്. ഗർഭിണിയായ ഈ ആന അനുഭവിച്ചത്, നമ്മുടെ എല്ലാം കരളലിയിക്കുന്നതാണ്.

എന്നാൽ ഈ സംഭവം മുൻനിർത്തി, വർഗ്ഗീയ പ്രചരണം നടത്താനാണ് ഒരു വിഭാഗം ഇപ്പോൾ ശ്രമിക്കുന്നത്. ആനയുടെ പേരും, മലപ്പുറം ജില്ലയും, ചർച്ച ചെയ്യപ്പെടുന്നതും ഇതിന്റെ ഭാഗമാണ്.

ആനയിലും മതം കാണുന്നവർ ഓർക്കേണ്ടത്, പഴയ ആനകൊമ്പ് കേസാണ്.മോഹൻലാൽ പ്രതിയായ ഈ കേസിൽ നിന്നും, ഇപ്പോഴും അദ്ദേഹം മോചിതനായിട്ടില്ല.

പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസാണ് നിലവിലുളളത്. 1977ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിനാണ്
മോഹലാലിനും മറ്റ് മൂന്ന് പ്രതികൾക്കുമെതിരെ കുറ്റപ്പത്രം സമർപ്പിച്ചിരുന്നത്.

മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നടന്ന റെയ്ഡിൽ, ആനക്കൊമ്പുകൾ പിടിച്ചെടുത്തപ്പോൾ, സാധനങ്ങളുടെ പട്ടികയിൽ, പതിനൊന്ന് അനധികൃത ശിൽപ്പങ്ങളും ഉണ്ടായിരുന്നു. ഇതൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. കേസ് റദ്ദാക്കണമെന്ന ലാലിന്റെ ഹർജിയിലും, ഹൈക്കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഈ വിധിക്കായാണ് സാംസ്‌കാരിക കേരളം കാത്തിരിക്കുന്നത്.

ആനയുൾപ്പെടെ, സകല വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടവയാണ്.അതുകൊണ്ടാണ് വന്യ ജീവി സംരക്ഷണ നിയമം രാജ്യത്ത് ശക്തമായിട്ടുള്ളത്.

ഏറ്റവും അധികം ആനകൾ കൊല ചെയ്യപ്പെടുന്നതും കൊമ്പുകൾക്ക് വേണ്ടിയാണ്. അത്തരം നാല് കൊമ്പുകളാണ് ലാലിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്.

ഇതിനെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷയാണ് അനിവാര്യമായിട്ടുള്ളത്.

സംഘപരിവാർ അനുഭാവി ആണ് എന്നത് കൊണ്ട് മാത്രം, ലാലിന്റെ പ്രവർത്തികൾ ന്യായീകരിക്കപ്പെടുകയില്ല.

1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയില്ലാതെ, ആനക്കൊമ്പ് കൈവശം വെയ്ക്കുന്നതും, കൈമാറ്റം ചെയ്യുന്നതും, അവ വാങ്ങി സൂക്ഷിക്കുന്നതും കുറ്റകരമാണ്. ആനക്കൊമ്പുകൾ വാങ്ങി സൂക്ഷിക്കുകയും, ഇതുസംബന്ധിച്ച് സർക്കാരിന് യാതൊരു അറിയിപ്പും നൽകാതിരിക്കുകയും ചെയ്തുവെന്നതാണ്, മോഹൻലാലിനെതിരെയുള്ള പ്രധാന കുറ്റം.

കേസിൽ മോഹൻലാൽ അടക്കം നാല് പ്രതികളാണുള്ളത്. മോഹൻലാലാണ് കേസിൽ ഒന്നാം പ്രതി. തൃശ്ശൂർ ഒല്ലൂർ സ്വദേശി പി എൻ കൃഷ്ണകുമാർ കേസിൽ രണ്ടാം പ്രതിയാണ്. തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ കൃഷ്ണകുമാർ, ചെന്നൈ സ്വദേശി നളിനി രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രതികൾ.

2012 ജൂണിൽ ആദായനികുതി വിഭാഗം, മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു, ആനക്കൊമ്പുകൾ കണ്ടെത്തിയിരുന്നത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവർത്തി കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വനം വകുപ്പ് തൊണ്ടിമുതൽ പിടിച്ചെടുത്തിട്ടില്ല. പെരുമ്പാവൂർ കോടതിയിൽ തൊണ്ടിമുതൽ ഇല്ലാതെയാണ് ഈ കുറ്റപത്രം സമർപ്പിച്ചിരുന്നത്. തൊണ്ടിമുതൽ ഹാജരാക്കാതെ ക്രിമിനൽ കേസ് എടുത്തത്, നീതിന്യായ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ്. കേസ് രജിസ്റ്റർ ചെയ്ത് എട്ട് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതി ചേർത്ത് കുറ്റപത്രം പൊലീസ് സമർപ്പിച്ചിരുന്നത്.

തന്റെ,സ്വാധീനം ഉപയോഗിച്ച് നിയമ നടപടിയിൽ നിന്നും രക്ഷപ്പെടാനാണ്, ലാൽ ഇപ്പോഴും ശ്രമിക്കുന്നത്. ഇത് ഒരിക്കലും വകവച്ച് കൊടുക്കാൻ, കേരളത്തിന് കഴിയുകയില്ല.

സാധാരണക്കാരനായിരുന്നു പ്രതിയെങ്കിൽ, ഇതിനകം തന്നെ അകത്ത് പോകുമായിരുന്നു. സാധാരണക്കാരന് ഒരു നിയമവും, സൂപ്പർ താരത്തിന് മറ്റൊരു നിയമവും, നടപ്പുള്ള കാര്യമല്ല.

ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ജനങ്ങളാണ്. സുപ്രീംകോടതി വരെ പോയാണെങ്കിലും, ആന കൊമ്പ് കേസിൽ, ലാലിന് ശിക്ഷ വാങ്ങി കൊടുക്കേണ്ടതുണ്ട്.

ഈ രാജ്യത്ത് മോഹൻലാലിനായി മാത്രം ഒരു നിയമവും സൃഷ്ടിക്കാനാവില്ല. പ്രബുദ്ധരായ ജനത, അതിന് ഒരിക്കലും സമ്മതിക്കുകയുമരുത്.
കാവി പുതച്ച ലാലിനെ പുണരുന്നവരാണിപ്പോൾ, മലപ്പുറത്തെയും ഇകഴ്ത്താൻ ശ്രമിക്കുന്നത്. ഇതും നാം തിരിച്ചറിയണം.

മൃഗ സ്നേഹിയായ ബി.ജെ.പി എം.പി മനേക ഗാന്ധി, ലാലിന്റെ കാര്യത്തിലെ നിലപാടാണ് ആദ്യം പ്രഖ്യാപിക്കേണ്ടത്.കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും, ഇതിന് മറുപടി പറയണം.കാരണം, മലപ്പുറത്താണ് ആന കൊല്ലപ്പെട്ടതെന്ന് ആദ്യം പറഞ്ഞത് ഈ കേന്ദ്ര മന്ത്രിയാണ്.ഇത് ഏറ്റെടുത്ത കാവിപ്പടയാണ് എരിതീയിൽ എണ്ണ ഒഴിച്ചിരിക്കുന്നത്.പാലക്കാട് ജില്ലയിൽ നടന്ന സംഭവത്തെ, മലപ്പുറത്താക്കി ചിത്രീകരിച്ചത് തന്നെ, ബോധപൂർവ്വമാണ്.

ഇതിന് പിന്നിൽ പ്രത്യേക അജണ്ട തന്നെയുണ്ട്. ഇക്കാര്യം മതനിരപേക്ഷ കേരളമാണ് തിരിച്ചറിയേണ്ടത്.


Express View

Top