ചിന്തിക്കാന്‍ കഴിയുന്നവര്‍ക്ക് ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല; നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേയ്ക്ക്

തിരുവനന്തപുരം: നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേക്ക്. ബിജെപി പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പമാണ് ഭീമന്‍ രഘു എകെജി സെന്ററില്‍ എത്തിയത്. ചുവന്ന പൊന്നാട തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് അണിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വി അബ്ദുറഹ്മാനും ശിവന്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. ചിന്തിക്കാന്‍ കഴിയുന്നവര്‍ക്ക് ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കഴിവുകള്‍ കാണിക്കാന്‍ അവസരം ബിജെപി തരുന്നില്ല. 2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്ന സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. അതൊക്കെ മനപ്രയാസം ഉണ്ടാക്കിയില്ല.

തന്റെ പ്രചാരണത്തിന് എത്താന്‍ സുരേഷ് ഗോപി ചേട്ടനെ വിളിച്ചെങ്കിലും പിഎയാണ് ഫോണ്‍ എടുത്തത്. അവസാനത്തെ തവണ അദ്ദേഹം എടുത്തു. പത്തനാപുരത്ത് വരാന്‍ പറ്റില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മാനസികമായി ഏറെ വേദനയുണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ പ്രതികരണം. താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാലേ പച്ചപിടിക്കാന്‍ ബിജെപിക്കാവൂ. സിപിഎമ്മാണ് കേരളത്തില്‍ ആ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. 13000 വോട്ട് തനിക്ക് പിടിക്കാനായി. മുന്‍പ് 2000 വോട്ട് മാത്രമാണ് അവിടെ കിട്ടിയിരുന്നത്.

അന്ന് മുതല്‍ തന്നെ തന്റെ മനസില്‍ തീരുമാനം പാര്‍ട്ടി വിടണമെന്നായിരുന്നു. അത് മനസില്‍ വെച്ചാണ് മുന്നോട്ട് പോയത്. സിപിഎം തിരഞ്ഞെടുക്കാന്‍ കാരണം ലഘിതമായ ഭരണഘടനയാണ്. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ഭരണഘടനയുണ്ട്. ബിജെപിയില്‍ ദില്ലിയിലെ 2 പേരാണ് തന്നെ ക്ഷണിച്ചത്. താന്‍ രാഷ്ട്രീയം പഠിക്കാനാണ് അന്ന് ബിജെപിയില്‍ ചേര്‍ന്നത്. നരേന്ദ്ര മോദി ബിജെപിയുടെ നേതാവാണ്. പ്രത്യേകിച്ച് ഒന്നും പറയാനില്ല. രണ്ട് പേരാണ് കേരളത്തില്‍ ബിജെപിയെ ഭരിച്ചുകൊണ്ടിരിക്കുന്നത്. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ ശരിയായ പ്രവര്‍ത്തനമല്ല നടത്തിയത്. താന്‍ ബിജെപിക്കാരനായി പോയപ്പോ ഇപ്പൊ സിനിമയൊന്നും ഇല്ലേയെന്ന് പലയിടത്തും പലരും ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

Top