വെളുത്ത കുപ്പായത്തില്‍ ‘ദൈവങ്ങള്‍’; ഇവരെ ബഹുമാനിക്കണം; ഇന്ത്യയോട് മോദി!

ദേശീയ തലത്തില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിന് ഇന്ത്യക്ക് മുന്നില്‍ മറ്റൊരു അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണാവൈറസ് പ്രതിസന്ധി പടര്‍ന്നുപിടിക്കുന്ന കാലത്ത് ഒരു കാരണവശാലും മെഡിക്കല്‍ ജീവനക്കാര്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരരുതെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

വൈറസിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ താമസിക്കുന്ന വീടുകളില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള അവസ്ഥകളില്‍ പരാതി ലഭിച്ചതോടെയാണ് പ്രധാനമന്ത്രി ഈ അഭ്യര്‍ത്ഥന നടത്തുന്നത്. മെഡിക്കല്‍ ജീവനക്കാര്‍ വൈറസ് വാഹകരാകുമെന്ന ആശങ്കയിലാണ് പല വീട്ടുടമകളും ഡോക്ടര്‍മാരെ വരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

‘ചില ഭാഗങ്ങളില്‍ നിന്നും വരുന്ന വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതാണ്. ഏതെങ്കിലും മെഡിക്കല്‍ ജീവനക്കാര്‍ മോശം പെരുമാറ്റം നേരിടുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവിടെ ഇടപെട്ട് ചെയ്യുന്നത് തെറ്റാണെന്ന് ആളുകള്‍ക്ക് മനസ്സിലാക്കി നല്‍കാന്‍ എല്ലാ പൗരന്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

‘പ്രതിസന്ധി ഘട്ടങ്ങളില്‍ ആശുപത്രിയില്‍ വെള്ളക്കോട്ട് ധരിച്ച് നില്‍ക്കുന്നവര്‍ ദൈവത്തിന്റെ അവതാരങ്ങളാണ്. നമ്മളെ മരണത്തില്‍ നിന്നും രക്ഷിക്കുന്നത് ഈ ആളുകളാണ്. അവരുടെ ജീവന്‍ പോലും അപകടത്തിലാക്കിയാണ് ഇത് ചെയ്യുന്നത്’, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കൊറോണാവൈറസിന് നമ്മുടെ സംസ്‌കാരത്തെയും, മൂല്യങ്ങളെയും ഇല്ലാതാക്കാന്‍ കഴിയില്ല. അതുകൊണ്ട് പ്രതിസന്ധിയില്‍ നമ്മുടെ പ്രതികരണങ്ങളുടെ തലവും ഉയര്‍ത്തണം, അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ ജീവനക്കാരെയും താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഇറക്കി വിടുന്ന വീട്ടുടമകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top