അധികാരത്തിൽ ഇരിക്കുന്നവർ ജനാധിപത്യത്തെ തകർക്കുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കോട്ടയം: വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തുല്യത നിഷേധിച്ചാൽ രാഷ്ട്രീയ ജനാധിപത്യം തകരുമെന്നും രാജ്യത്തിന്റെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവർ ജനാധിപത്യത്തെ തകർക്കുകയാമെന്ന് വിമര്‍ശിച്ച് ഖാര്‍​ഗെ, രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട ദിവസം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും കൂട്ടിച്ചേര്‍ത്തു.

സർക്കാർ നടത്തിയ ഉപജാപങ്ങൾ കേസിന്റെ നാൾ വഴി പരിശോധിച്ചാൽ മനസിലാകുമെന്നും ഖാര്‍​ഗെ പറഞ്ഞു. രാഹുലിനെ കോടതി ശിക്ഷിച്ച ദിവസം മോദി ലോക്‌സഭ സ്പീക്കറെ കണ്ടിരുന്നു. പിന്നാലെ മിന്നൽ വേഗത്തിലാണ് രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയത്. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന നടപടിയാണിതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. പിന്നാക്ക വിഭാഗക്കാരൻ അല്ലാത്ത വ്യക്തിയാണ് രാഹുലിനെതിരെ കേസ് നൽകിയത്. ലളിത് മോദിയും, മെഹുൽ ചോക്സിയും, നീരവ് മോദിയും ഒബിസിക്കാരല്ല. എന്നിട്ടും പിന്നാക്കക്കാർക്കെതിരെ രാഹുൽ പ്രസംഗിച്ചു എന്ന് പ്രചരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നു. യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഖാർഗെ വിമര്‍ശിച്ചു.

പാർലമെന്റിൽ അദാനിയും മോദിയും തമ്മിലെ ബന്ധവുമായി ചേർത്ത ചോദ്യങ്ങൾ ചോദിച്ചതിനാണ് രാഹുലിനെ പുറത്താക്കിയത്. പൊതുമേഖല ബാങ്കുകളിലെ നമ്മുടെ പണം ആണ് അദാനിക്ക് കേന്ദ്ര സർക്കാർ ലഭ്യമാക്കിയത്. അത് ഉപയോഗിച്ചാണ് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ അദാനി വാങ്ങിയത്. പിന്നാക്ക ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട തൊഴിൽ പോലും നൽകുന്നില്ലെന്ന് വിമർശിച്ച ഖാര്‍ഗെ, മോദി പ്രതിവർഷം നൽകുമെന്ന് പറഞ്ഞ 2 കോടി തൊഴിൽ എവിടെയെന്നും 15 ലക്ഷം രൂപ എവിടെയെന്നും ചോദിച്ചു. രാജ്യത്തെ മുഴുവൻ പ്രതിപക്ഷവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ഒന്നിച്ചിരിക്കുകയാണ്. എന്തിനാണ് അദാനിയെ മോദി ന്യായീകരിക്കുന്നതെന്ന് ചോദിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രധാനമന്ത്രിയുടെ സുഹൃത്തിനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉറങ്ങുന്നുവെന്നും വിമര്‍ശിച്ചു. ബിജെപി നേതാക്കളും മന്ത്രിമാരും അദാനിയെ രക്ഷിക്കാൻ ഓവർ ടൈം പണി എടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top