പ്രതാപചന്ദ്രന്റെ മരണം: പ്രമോദ് കോട്ടപ്പള്ളിയും രമേശ് കാവിലും നിയമ നടപടിയിലേക്ക്

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവര്‍ നിയമ നടപടിയിലേക്ക്. സംഘടനാ ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. കള്ളപ്പരാതി കെട്ടിച്ചമച്ചവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെടും.

വ്യക്തിവിരോധം തീര്‍ക്കാന്‍ കള്ളപ്പരാതിയുണ്ടാക്കി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണ വിധേയരായ പ്രമോദ് കോട്ടപ്പള്ളിയും രമേശ് കാവിലും നിയമ നടപടികളിലേക്ക് കടക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, വി പ്രതാപചന്ദ്രന്റെ മകനും പരാതിക്കാരനുമായ പ്രജിത്ത് ചന്ദ്രന്‍, പ്രജിത്തിന്റെ സഹോദരി എന്നിവര്‍ക്ക് പുറമെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

നിരപരാധികളാണെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമോദും രമേശും കെപിസിസി പ്രസിഡന്റ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളോട് കുറ്റക്കാര്‍ക്കെതിരെ സംഘടനാ തലത്തിലും നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരിയാപുരം ശ്രീകുമാറും ജി സുബോധനും അംഗങ്ങളായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളെ പരാതിക്കാരന്‍ അംഗീകരിക്കുന്നില്ല.

വി പ്രതാപചന്ദ്രന്റെ മരണം മാനസിക പീഡനം മൂലമാണെന്ന പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ ടി യു രാധാകൃഷ്ണന്‍, ആര്‍ വി രാജേഷ്, വിനോദ് കൃഷ്ണ എന്നിവരാണെന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.

Top