തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹരിത ട്രൈബ്യൂണലിന് ഈ കേസില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് വേദാന്ത ഗ്രൂപ്പിന്റെ തൂത്തുകുടിയിലെ ചെമ്പുശുദ്ധീകരണ ശാല തുറക്കാന്‍ ഹരിത ട്രൈബ്യുണല്‍ അനുമതി നല്‍കിയത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാരും പരിസ്ഥിതി സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. വേദാന്ത ഗ്രൂപ്പിനോടും തമിഴ്‌നാട് സര്‍ക്കാരിനോടും മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

സുപ്രീംകോടതി വിധിയോടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തല്‍ക്കാലം അടഞ്ഞുതന്നെ കിടക്കുമെന്നുറപ്പായിരിക്കുകയാണ്. സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്ന് ഉയരുന്ന വിഷപ്പുക അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമായിരുന്നു നടന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ കഴിഞ്ഞ മെയ് മാസത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ പ്ലാന്റിനുള്ള ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.

Top