തൂത്തുക്കുടി പൊലീസ് വെടിവയ്പ്പ് : കൃത്യമായ ആസൂത്രണം, വിഡിയോ പുറത്ത് വന്നു

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിവച്ചത് കരുതിക്കൂട്ടിയെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നു. പൊലീസ് വാഹനത്തിനു മുകളില്‍ കയറി നിന്ന്, കൊല്ലണമെന്ന ലക്ഷ്യത്തോടെ ഉന്നംപിടിച്ച് പൊലീസ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വാഹനത്തിനു മുകളിലിരുന്ന് ഉന്നം പിടിച്ചശേഷമാണ് സമരക്കാര്‍ക്കു നേരെ പൊലീസ് നിറയൊഴിക്കുന്നത്.

വെടിയുതിര്‍ക്കുമെന്ന മുന്നറിയിപ്പോ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയോ ചെയ്യുന്നില്ല. വെടിയുതിര്‍ക്കുന്ന പൊലീസുകാരനു നല്‍കുന്ന നിര്‍ദേശം വിഡിയോയില്‍ കേള്‍ക്കാം. അക്രമാസക്തമായി നില്‍ക്കുന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുയായിരുന്നില്ല വെടിവയ്പ്പിന്റെ ലക്ഷ്യമെന്ന് ഈ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നു.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാന്‍ ശ്രമിക്കുമ്പോഴും ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 12 പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്. സംഭവത്തെ അപലപിച്ച് സാമൂഹ്യരാഷ്ട്രീയ നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.

രജനികാന്ത്, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസ്സന്‍, പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി എന്നിവരും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top