തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സാത്താന്‍കുളം എസ്എച്ച്ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രതികളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മധുര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കേസുകളാണ് സിബിഐ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

വ്യാപാരികളെ രാത്രി മുഴുവന്‍ പൊലീസുകാര്‍ സ്റ്റേഷനിലിട്ട് മൃഗീയമായി മര്‍ദിച്ചുവെന്നും മൂന്നാം മുറ പ്രയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ലോക്കപ്പ് മര്‍ദ്ദനമാണ് വ്യാപരികളുടെ മരണകാരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
എന്നാല്‍ ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതു മണിക്ക് വന്‍ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്‌സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്റെ എഫ്‌ഐആര്‍.

കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍, പൊലീസ് വാദം തെറ്റാണെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്‌സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതിയും അറിയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.

ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നുവെന്നാരോപിച്ച് പി ജയരാജിനേയും മകന്‍ ബെന്നിക്സിനേയും കസ്റ്റഡിയില്‍ എടുത്ത സാത്താന്‍കുളം പൊലീസ് ക്രൂര മര്‍ദനത്തിന് ഇരയാക്കിയെന്നാണ് കേസ്. റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിയ ഇരുവരേയും ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു.

Top