തൂത്തുക്കുടി കസ്റ്റഡി മരണം; എസ്‌ഐയും ഇന്‍സ്‌പെക്ടറും അടക്കം നാല് പേര്‍ അറസ്റ്റില്‍

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇന്‍സ്‌പെക്ടറും എസ്‌ഐയും രണ്ടു പൊലീസുകാരുമാണ് അറസ്റ്റിലായത്.

പ്രതികളിലൊരാളായ സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ എസ്‌ഐ രഘു ഗണേഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ലോക്ഡൗണ്‍ ലംഘിച്ച് മൊബൈല്‍ ഫോണ്‍ കട തുറന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ജയരാജനും മകന്‍ ബെനിക്‌സുമാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

സാത്താന്‍കുളം സ്റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ പൊലീസുകാര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത രാത്രി ജയരാജനെയും ബെനിക്‌സിനെയും പൊലീസുകാര്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിച്ചതായാണു മൊഴി. ലാത്തിയിലും മേശയിലും ചോരക്കറ പുരണ്ടിരുന്നു.

ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി വകവയ്ക്കാതെയാണ് പൊലീസുകാരി സഹപ്രവര്‍ത്തകര്‍ക്കെതിരെ മൊഴി നല്‍കിയത്.
സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ സിബിസിഐഡി അന്വേഷണം നടത്തും.

അതേസമയം, കൊലപാതകത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. എഎസ്പി, ഡിഎസ്പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു.

Top