പരിശീലക സ്ഥാനത്ത് നിന്ന് തോമസ് തുഹലിനെ മാറ്റുന്നതായി റിപ്പോര്‍ട്ട്

മ്യൂണിക്: ജര്‍മ്മന്‍ ഫുട്‌ബോള്‍ ബുന്ദസ്ലിഗയില്‍ ബയേണ്‍ മ്യൂണിക് തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു. ചാമ്പ്യന്‍സ് ലീഗിലടക്കം തുടര്‍ച്ചയായ മൂന്ന് തോല്‍വികളാണ് ബയേണിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ 11 വര്‍ഷങ്ങളിലും ബുന്ദസ്ലിഗയില്‍ ചാമ്പ്യന്മാരായിരുന്നു ബയേണ്‍. എന്നാല്‍ ഇത്തവണ ജര്‍മ്മന്‍ രാജാക്കന്മാരാകാന്‍ ഇനിയുള്ള മത്സരങ്ങള്‍ ബയേണിന് നിര്‍ണാകമാണ്. പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് തോമസ് തുഹലിനെ മാറ്റാനൊരുങ്ങുകയാണ് ജര്‍മ്മന്‍ ക്ലബ്.

സാവി ഹെര്‍ണാണ്ടസിന് പകരക്കാരനായി തുഹല്‍ ബാഴ്‌സയുടെ പരിശീലകനാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലാ ലീഗയിലെ ക്ലബിനെ പരിശീലിപ്പിക്കും എന്ന് തുഹല്‍ പറഞ്ഞിരുന്നു. ഈ സീസണിനൊടുവില്‍ ബാഴ്‌സ വിടുമെന്ന സാവിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് തുഹലിന്റെ പ്രസ്താവന വന്നത്.

ജൂണ്‍ 30ന് ക്ലബ് വിടുമെന്ന് തോമസ് തുഹലും സ്ഥിരീകരിച്ചു. പിന്നാലെ തുഹലിന്റെ പുതിയ ക്ലബ് ഏതെന്ന ചര്‍ച്ചകളും ആരംഭിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുപോകുമെന്നാണ് ഒരു റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗില്‍ പ്രതിസന്ധി നേരിടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തുഹല്‍ പരിശീലിപ്പിക്കുമെന്നാണ് സൂചന. മുമ്പ് ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തുഹല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. 2021ല്‍ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തത് തുഹേല്‍ ആണ്.

Top