Thomas Jacob’s affidavit; the CBI Director has sought explanation

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കേസില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സംഭവത്തില്‍ സിബിഐ ഡയറക്ടര്‍ വിശദീകരണം തേടി.

ചെന്നൈ യൂണിറ്റ് ജോയിന്റ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്. സത്യവാങ്മൂലം സമര്‍പ്പിച്ചത് ചട്ടങ്ങള്‍ പാലിച്ചാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സിബിഐ മേധാവി ആവശ്യപ്പെട്ടത്.

അഴിമതി കേസുകളില്‍ ചെന്നൈയിലെ ആന്റി കറപ്ഷന്‍ ബ്യൂറോയോട് അഭിപ്രായം ആരാഞ്ഞശേഷമാകും സിബിഐ അഭിഭാഷകന്‍, കേസ് ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. ഈ പ്രക്രിയകള്‍ നടന്നിട്ടുണ്ടോ എന്നാണ് സിബിഐ ഡയറക്ടര്‍ പരിശോധിക്കുന്നത്.

തനിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് ചട്ടങ്ങള്‍ പാലിച്ചല്ലെന്ന് ആരോപിച്ച് ജേക്കബ് തോമസ് സിബിഐ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

കേസില്‍ തിടുക്കപ്പെട്ട് സിബിഐയിലെ ഒരുപറ്റം ഉദ്യോഗസ്ഥര്‍ അഭിപ്രായം അറിയിക്കുകയായിരുന്നുവെന്നും സത്യവാങ്മൂലം സമര്‍പ്പിച്ചത് ഡയറക്ടറുടെ അറിവോടെയാണോ എന്നും ജേക്കബ് തോമസ് സിബിഐ മേധാവിയ്ക്ക് നല്‍കിയ പരാതിയില്‍ ആരാഞ്ഞിരുന്നു.

കെടിഡിഎഫ്‌സി എംഡി ആയിരിക്കെ അവധിയെടുത്ത് കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായി ജോലിചെയ്യുകയും ശമ്പളം വാങ്ങിയെന്നും പരാതിപ്പെട്ടുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വാങ്ങിയ ശമ്പളം ജേക്കബ് തോമസ് പിന്നീട് തിരിച്ച് നല്‍കിയതായി നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സിബിഐ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. സിബിഐയുടെ നടപടി സംശയാസ്പദമാണെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

Top