Thomas Issac statement

കൊല്ലം: സംസ്ഥാനത്തു ഭാഗാധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നികുതി വര്‍ധനയില്‍നിന്നു പാവപ്പെട്ടവരെ ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്നു ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്.

ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ പാവപ്പെട്ട നിരവധിപേര്‍ക്കു ഭൂമി ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ മേല്‍ നികുതിഭാരം അടിച്ചേല്‍പിക്കുന്നതു ശരിയല്ല. അക്കാര്യം നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി പരിഗണിക്കും. പാവപ്പെട്ടവന്റെ പേരുപറഞ്ഞ് നൂറുകണക്കിന് ഏക്കറുള്ളവര്‍ക്കും ആയിരം രൂപ മുടക്കിയാല്‍ മതിയെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക നില താറുമാറാക്കിയാണു യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. അയ്യായിരം രൂപയുടെ നികുതിഭാഗമാണ് അടിച്ചേല്‍പിച്ചത്. വാറ്റ് പന്ത്രണ്ടരശതമാനത്തില്‍നിന്നു പതിനാലരശതമാനമാക്കി ഉയര്‍ത്തിയിരുന്നു. അതേസമയം, നികുതി വളര്‍ച്ച പത്തൊമ്പതു ശതമാനത്തില്‍നിന്നു പന്ത്രണ്ടുശതമാനമായി കുറയുകയും ചെയ്തു. കേരളത്തിന്റെ വികസനസാധ്യതകള്‍ അപ്പാടെ ഇല്ലാതാക്കുകയാണു യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്രവലിയ പ്രതിസന്ധിയിലേക്കു കേരളത്തെ തള്ളിവിട്ടിട്ടും പ്രതിസന്ധിയില്ലെന്നാണു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. വരവും ചെലവും സമാസമം ആകണമെന്ന നിയമം പാസാക്കിയവര്‍ 13000 കോടിയുടെ കടമാണ് വരുത്തിവച്ചത്. റവന്യൂകമ്മി ഇല്ലായിരുന്നെങ്കില്‍ കേന്ദ്രത്തില്‍നിന്ന് അധികമായി നാലായിരം കോടി ലഭിക്കുമായിരുന്നു. അത് നഷ്ടപ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടി മറുപടി പറയണം. ആഗോള സാമ്പത്തിക മുടരടിപ്പ് കേരളത്തെ ബാധിക്കും. ഗള്‍ഫില്‍നിന്നുള്ള പണത്തിന്റെ വരവ് നാലു വര്‍ഷമായി കുറഞ്ഞു. ഇത് നമ്മുടെ സാമ്പത്തിക ഘടന പ്രതിസന്ധിയിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Top